മുൻ ഭാര്യ നൽകിയ പോക്സോ കേസിൽ മല്ലു ട്രാവലർ ഷാക്കിറിന് മുൻകൂർ ജാമ്യം

single-img
23 November 2023

പ്രശസ്ത വ്ലോ​ഗർ ഷാക്കിർ സുബ്ഹാനെതിരെ (മല്ലു ട്രാവലർ) മുൻഭാര്യ നൽകിയ പോക്സോ പരാതിയിൽ തലശ്ശേരി പോക്സോ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മുന്‍ഭാര്യയുടെ പരാതിയിൽ ധർമടം പൊലീസ് കേസ് എടുത്തിരുന്നു. പരാതിയിൽ ശൈശവ വിവാഹം, ​ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

അടുത്തിടെ ഉണ്ടായ വിദേശ വനിതക്കെതിരായ ലൈം​ഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോ കേസ് കൂടി വന്നത്. തന്നെ പ്രായപൂർത്തിയാകും മുമ്പ്‌ വിവാഹം കഴിച്ചുവെന്നും 15ാം വയസ്സിൽ ​ഗർഭിണി ആയിരിക്കുമ്പോൾ പോലും അതിക്രൂരമായി പീ‍ഡിപ്പിച്ചു, ​​ഗർഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളും ആദ്യഭാര്യ ഷാക്കിറിനെതിരെ ഉന്നയിച്ചിരുന്നു.

ഇവർ ധർമ്മടം പോലീസിൽ പരാതിയും നൽകിയിരുന്നു. ഈ പരാതിയിൻമേലാണ് പോക്സോ ചുമത്തി കേസെടുത്തിരുന്നത്. അതേ സമയം സൗദി യുവതിയുടെ പീഡന പരാതിയിൽ ഷാക്കിർ സുബ്​ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിരുന്നു. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പരാമർശങ്ങളൊന്നും പാടില്ലെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.