കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റി: കെ സുധാകരൻ

single-img
12 April 2023

ലോകായുക്ത ഉണ്ട വിരുന്നിന് നന്ദി കാട്ടിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സംസ്ഥാന മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ലോകായുക്ത നടത്തിയ അട്ടിമറികള്‍ തുടക്കം മുതലേ പ്രകടമാണ്. കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റി. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹര്‍ജി ഇന്ന് തള്ളിയത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ തുടക്കം മുതല്‍ ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ലോകായുക്ത നടത്തിയ അട്ടിമറികള്‍ പ്രകടമാണ്. ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ രാജ്യത്തിനു മാതൃകയായി തുടക്കമിട്ട ലോകായുക്തയുടെ ഉദകക്രിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്റെ കൈകള്‍ കൊണ്ടു തന്നെ ചെയ്തു എന്നതില്‍ പാര്‍ട്ടിക്ക് അഭിമാനിക്കാം.

‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി’ എന്ന ഉശിരന്‍ തിരുവാതിരപ്പാട്ടാണ് ലോകായുക്തയുടെ തിരുമുറ്റത്ത് അലയടിക്കുന്നത്. സംസ്ഥാന മന്ത്രിസഭാ തീരുമാനം എന്ന മുടന്തന്‍ ന്യായം ഉന്നയിച്ച് ദുരിതാശ്വാസനിധിയില്‍ നിന്ന് പണം നൽകിയതിലെ അഴിമതിയില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ടെന്നും കണ്ടെത്തിയാണ് 2019ല്‍ അന്നത്തെ ലോകായുക്ത കേസെടുത്തത്.

ഈ തീരുമാനത്തിനെതിരേ മുഖ്യമന്ത്രിയോ മന്ത്രിമാരോ അപ്പീല്‍പോലും നൽകിയില്ല. തുടര്‍ന്ന് 2022ല്‍ മൂന്നുവര്‍ഷംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയെങ്കിലും വിധി പറയാതെ നീട്ടിക്കൊണ്ടു പോയി. ഹൈക്കോടതി ഇടപെട്ടതിനുശേഷം മാത്രമാണ് ഇപ്പോള്‍ ലോകായുക്ത കേസ് വീണ്ടും പരിഗണനയ്ക്ക് എടുത്തത്.

അപ്പോഴാണ് ദുരിതാശ്വാസനിധി കേസ് ലോകായുക്തയ്ക്ക് പരിഗണനയ്ക്ക് എടുക്കാമോ എന്ന സന്ദേഹം ഉണ്ടായതും കേസ് ആദ്യം മുതല്‍ വീണ്ടും പരിഗണിക്കാനായി ഫുള്‍ബെഞ്ചിന് വിട്ട് അനന്തമായി നീട്ടാനുള്ള നാടകം കളിച്ചതും. കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.