വിചാരണ നീളുന്നു; ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം

single-img
25 September 2023

വിചാരണ നീളുന്ന സാഹചര്യത്തിൽ പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം. അന്വേഷണം പൂർത്തിയായതായി ഗ്രീഷ്മ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആകെ 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.

ഇതോടൊപ്പം കൊലപാതകത്തിൽ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കാർപ്പിക്ക് എന്ന കളനാശിനിയാണ് കഷായത്തിൽ കലർത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 142 സാക്ഷി മൊഴികളും 57 രേഖകളുമാണ് കുറ്റപത്രത്തിലുള്ളത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാമത്തെ ദിവസമാണ് കുറ്റപത്രം നൽകിയത്. കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്.