പ്രണയദിനത്തില്‍ ഇനി പുതിയ പദ്ധതി തയാറാക്കണം; കൗ ഹഗ് ഡേ പിന്‍വലിച്ച തീരുമാനത്തിൽ കേന്ദ്രത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

single-img
11 February 2023

ലോകപ്രണയദിനത്തിൽ രാജ്യത്ത് ആചരിക്കാൻ കേന്ദ്രം ആഹ്വാനം ചെയ്ത കൗ ഹഗ് ഡേ പിന്‍വലിക്കാനുളള തീരുമാനം വേദനിപ്പിക്കുന്നതാണെന്നും ഇനി വാലന്റൈന്‍സ് ഡേയ്ക്കായി പുതിയ പദ്ധതി തയാറാക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണെന്ന പരിഹാസവുമായി തൃണമൂല്‍ എംപി മഹുവ മൊയ്ത്ര.

ഇത്തവണത്തെ വാലന്റൈന്‍സ് ഡേ പശു ആലിംഗന ദിനമായി ആചരിക്കണമെന്ന ഉത്തരവ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പിന്‍വലിച്ച പശ്ചാത്തലത്തില്‍ കേന്ദ്രത്തെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് അവര്‍ ഇങ്ങിനെ പറഞ്ഞത്.

അതേസമയം, പ്രണയദിനമായ ഫെബ്രുവരി 14 ന് പശുവിനെ ആലിംഗനം ചെയ്യണമെന്ന വിവാദ ഉത്തരവ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് ഇന്നലെ പിന്‍വലിച്ചിരുന്നു. ഈ ഉത്തരവ് വലിയ വിവാദത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്‍മാറ്റമെന്നറിയുന്നു.

പക്ഷെ ഉത്തരവ് പിന്‍വലിക്കാനുള്ള കാരണം എന്താണെന്ന് മൃഗക്ഷേമബോര്‍ഡ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുമില്ല. നേരത്തെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് ചൂണ്ടിക്കാട്ടിയാണ് വൈലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കാന്‍ മൃഗക്ഷേമ ബോര്‍ഡ് ആഹ്വാനം ചെയ്തത്.