14 വര്‍ഷത്തിന് മുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ കീഴ് കോടതികള്‍ക്ക് അധികാരമില്ല: സുപ്രീംകോടതി

14 വർഷത്തിലധികം കാലയളവിലേക്ക് ഇളവില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ വിധിക്കാൻ കീഴ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എ. അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്. ഇളവില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിക്കാനുള്ള അധികാരം ഭരണഘടനാ കോടതികൾക്കു മാത്രമാണെന്നും കോടതി വ്യക്തമാക്കി.
അഞ്ചുമക്കളുടെ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനായ കർണാടക സ്വദേശിയുടെ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്. കൊലപാതക കേസുകളിൽ പ്രതികൾക്ക് 14 വർഷത്തിൽ കൂടുതലായി ജീവപര്യന്തം തടവ് ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമായി ചൂണ്ടിക്കാട്ടി.
അതേസമയം, അപൂർവമായ കേസുകളിൽ 14 വർഷത്തിലധികമോ ജീവപര്യന്തം മുഴുവൻ കാലയളവിലേക്കോ ഇളവില്ലാത്ത ശിക്ഷ വിധിക്കാൻ സാധിക്കുമെന്നും, എന്നാൽ അത്തരത്തിലുള്ള ശിക്ഷകൾ വിധിക്കാൻ അധികാരമുള്ളത് ഹൈക്കോടതികൾക്കും സുപ്രീംകോടതിക്കും മാത്രമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.


