ലോകകപ്പ് ഫൈനൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സർക്കാർ

ലോകകപ്പ് ഫുട്ബോൾ കലാശപ്പോരാട്ടത്തിന്റെ ആവേശത്തിൽ മുഴുകിയ കായികപ്രേമികൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ വമ്പൻ പ്രഖ്യാപനം. ഫൈനൽ മത്സരം പ്രമാണിച്ച് നാളെ (തിങ്കളാഴ്ച) സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം, തിങ്കളാഴ്ച നടത്താൻ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് യാതൊരു മാറ്റവുമുണ്ടായിരിക്കില്ലെന്നും അവ നിശ്ചയിച്ച സമയത്തുതന്നെ നടക്കുമെന്നും സർക്കാർ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി ആരംഭിച്ച് പുലർച്ചെ വരെ നീളുന്ന ആവേശപ്പോരാട്ടത്തിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ കളി കണ്ട് ഉറക്കമൊഴിയുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും തിങ്കളാഴ്ച രാവിലെ സ്ഥാപനങ്ങളിലെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും കായിക വൃത്തങ്ങളിലും വലിയ ക്യാമ്പെയ്നുകൾ നടന്നിരുന്നു.
ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസും സ്കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. നേരത്തെ എറണാകുളം ജില്ലയിലെ പത്തോളം പ്രമുഖ സിബിഎസ്ഇ സ്കൂളുകൾ സ്വയം അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അവധി നൽകുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പുറത്തുവന്നത്.


