കേരളത്തിലെ ഉൾപ്പെടെ കോൺഗ്രസ് സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താം; വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ

single-img
13 October 2026

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് (ഇ.വി.എം) പകരം ബാലറ്റ് പേപ്പർ സംവിധാനം പുനഃസ്ഥാപിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇ.വി.എം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരുകൾ രാജിവെച്ച് ബാലറ്റ് പേപ്പറിലൂടെ വീണ്ടും ജനവിധി തേടാൻ തയ്യാറാണെങ്കിൽ ഈ ആവശ്യത്തെ പിന്തുണയ്ക്കാമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

കേരളം, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ രാജിവെക്കാൻ തയ്യാറാണോയെന്നും ഹിമന്ത ചോദിച്ചു. ഇ.വി.എം തിരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തിയ സർക്കാരുകൾ ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അസം, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയ ഹിമന്ത, അഞ്ച് വർഷത്തിലൊരിക്കൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണം (എസ്.ഐ.ആർ) നടത്തണമെന്നും ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റക്കാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ഇത്തരം പരിഷ്കരണം അനിവാര്യമാണെന്നും അതുവഴി ജനാധിപത്യത്തെ സംരക്ഷിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം

കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത വിമർശനവും ഹിമന്ത ഉന്നയിച്ചു. വിദേശശക്തികളുടെ താൽപര്യങ്ങൾക്കുവേണ്ടിയാണ് രാഹുലും കോൺഗ്രസും പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിന്റെ ‘വോട്ട് ചോരി’ പ്രതിഷേധങ്ങൾക്ക് ജനപിന്തുണയില്ലെന്നും ചെറിയൊരു വിഭാഗം മാത്രമാണ് ഇത്തരം സമരങ്ങളിൽ പങ്കെടുക്കുന്നതെന്നും ഹിമന്ത പരിഹസിച്ചു. പ്രതിഷേധങ്ങൾക്ക് പിന്നിൽ ‘ദിമാഗി നക്‌സലുകൾ’ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇ.വി.എം വിശ്വാസ്യതയെച്ചൊല്ലിയും വോട്ടർപട്ടിക പരിഷ്കരണത്തെച്ചൊല്ലിയും രാജ്യത്ത് രാഷ്ട്രീയ തർക്കം തുടരുന്നതിനിടെയാണ് കോൺഗ്രസിനെതിരെ ഹിമന്തയുടെ പുതിയ വെല്ലുവിളി.