ഇന്ത്യയിലെ ആദ്യ സംഭവം; ഗവർണറുടെ അസാധാരണ നീക്കത്തെ എതിർത്തും അനുകൂലിച്ചും നിയമ വിദഗ്ദ്ധർ

single-img
24 October 2022

സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഗവര്‍ണറുടെ അസാധാരണ നടപടി രാജ്യത്തെ ആദ്യ സംഭവമെന്ന് നിയമ വിദഗ്ദ്ധർ. ഇത്തരമൊരു കേസ് ഭരണഘടനാകോടതികള്‍ക്കുമുമ്പില്‍ ഇതുവരെ എത്തിയിട്ടില്ല എന്നും നിയമ വിദഗ്ദ്ധർ പറയുന്നു.

സാധാരണ ഗതിയിൽ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശ പ്രകാരമാണ്. എന്നാൽ ചാന്‍സലറെന്നനിലയില്‍ ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശ പ്രകാരം ആണ് എന്ന് എവിടെയും പറയുന്നില്ല. അതുകൊണ്ടു തന്നെ ഭരണഘടന ഗവര്‍ണര്‍ക്കുനല്‍കുന്ന വിവേചനാധികാരത്തിലൊന്ന് ചാന്‍സലര്‍ എന്ന നിലയില്‍ സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നതാണ് എന്ന് ഒരു വിഭാഗം നിയമ വിദഗ്ദ്ധർ പറയുന്നത്.

എന്നാൽ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചയാളോട് പിന്നീടുണ്ടായ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി രാജിവെക്കാന്‍ രാഷ്ട്രപതിക്ക് പറയാൻ അവകാശം ഉണ്ടോ എന്നാണു മറു വിഭാഗം ചോദിക്കുന്നത്. അത്തരത്തിൽ തീരുമാനങ്ങൾ എടുത്താൽ ഭരണഘടനാ സ്ഥാപനങ്ങളുടെ അതസത്തയെ ചോദ്യം ചെയ്യുന്ന നടപടികൾ ആകും അത് എന്നാണ് ഇവരുടെ വാദം.

വൈസ് ചാന്‍സലറെ നിയമിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്കാണ് പൂര്‍ണാധികാരെമന്ന് സുപ്രീംകോടതി സാങ്കേതികസര്‍വകലാശാലാ വൈസ് ചാന്‍സലറെ നീക്കിക്കൊണ്ടുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ഗവർണർ നിർദ്ദേശിച്ചത്.

അതേസമയം ഗവര്‍ണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍. ഭരണഘടനാ വിദഗ്ധരുമായി ആലോചിച്ച് കോടതിയെ സമീപിക്കാനാണ് നീക്കം. ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു. ഗവര്‍ണറുടേത് അസാധാരണ നീക്കമെന്ന് മന്ത്രി പി.രാജീവ്. ജനാധിപത്യത്തിന്‍റെ എല്ലാ സീമകളും ലംഘിക്കുന്ന നടപടിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജി നല്‍കില്ലെന്ന് കണ്ണൂര്‍ വിസി അറിയിച്ചു.