യു ഡി എഫ് സർക്കാർ ആയിരുന്നെങ്കിൽ പദ്ധതികൾ അവിടെ തന്നെ കിടന്നേനെ; ഇടത് സർക്കാർ വികസനം നടപ്പാക്കി: മുഖ്യമന്ത്രി

single-img
24 August 2023

പലതിലും വ്യക്തത ഉണ്ടാക്കുന്ന ഒന്നാകും ഇത്തവണത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വികസനം വരരുതെന്നാഗ്രഹിക്കുന്നെങ്കിലും ഇടതുപക്ഷ സർക്കാർ വികസനം നടപ്പാക്കിയെന്നും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങൾ തങ്ങളുടെ വോട്ടവകാശം ശരിയായി വിനിയോഗിക്കുക എന്നതാണ് പ്രധാനം. ബൂത്തിലെയോ വില്ലേജിലെയോ പ്രശ്നങ്ങൻ മാത്രം അടിസ്ഥാനമാക്കിയല്ല വോട്ട് ചെയ്യേണ്ടത്. നാടിന്റെ വികസന പ്രശ്നങ്ങൾ, മറ്റു സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആ നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടോ എന്നതടക്കം പരിഗണിക്കണം. അതുണ്ടാവല്ലേ എന്ന് ചിലർ ആശിക്കുന്നതായി കാണുന്നു.

നാട്ടുകാരാണ് വിധി കർത്താക്കൾ. അവർക്ക് അറിയാം നാടിന്റെ സ്ഥിതി. വികസനം എന്നത് നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗം. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ പല തടസങ്ങൾ നേരിട്ടു. പക്ഷേ, നടപ്പാക്കി എന്ന് മുഖ്യമന്ത്രി പറഞ്ഞു.

യു ഡി എഫ് സർക്കാർ ആയിരുന്നുവെങ്കിൽ പദ്ധതികൾ അവിടെ തന്നെ കിടന്നേനെ. നാഷണൽ ഹൈവേ പഴയ അവസ്ഥയിലായിരുന്നേനെ. ഒരുപാടു കഥകൾ അതിൽ പറയാനുണ്ട്. യുഡിഎഫ് സർക്കാർ ഫലപ്രദമായ ഒരു നടപടിയും എടുത്തില്ല. ഇനിയും സഹിക്കാനാവില്ലെന്ന് ജനങ്ങൾ തീരുമാനം എടുത്തു. ഇടതുപക്ഷം അധികാരത്തിൽ വന്നു. നാഷണൽ ഹൈവേയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തി. അവർ സഹിച്ചു. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യണം.

ദേശീയ പാതക്ക് രാജ്യത്ത് എല്ലായിടത്തും നാഷണൽ ഹൈവേ ആണ് സ്ഥലം ഏറ്റെടുക്കുന്നത്. കേരളത്തിന്റെ കാര്യത്തിൽ സംസ്ഥാനം സ്ഥലം ഏറ്റെടുക്കണമെന്ന് നിലപാട് സ്വീകരിച്ചു. അതിന് വഴങ്ങേണ്ടി വന്നു. യുഡിഎഫിന്റെ കെടുകാര്യസ്ഥതയുടെ ഫലമാണ് അത്. കേരളം മാറുന്നുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ അവകാശപ്പെട്ടു.

2016ലും 2021ലും എൽ ഡി എഫ് ആയിരുന്നില്ല അധികാരത്തിൽ വന്നത് എങ്കിൽ എന്ന് ഒന്ന് സങ്കൽപ്പിക്കൂ. കേരളമാകെ വികസനത്തിന്റെ സ്വാദ് അനുഭവവിക്കണം. അതാണ് സർക്കാരിന്റെ നയം. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ കേരളത്തോട് സലാം പറഞ്ഞു പോയി. കാരണം യു ഡി എഫ് സർക്കാറിന്റെ നിസംഗതയാണ്. ഗെയിൽ പൈപ്പിൽ എതിർപ്പുമായി ചിലർ വന്നു. അവരെ പറഞ്ഞു മനസിലാക്കി. ഗെയിൽ പൈപ്പ് വഴി നാളെ എല്ലാ അടുക്കളകളിലും വാതകം എത്തും. എൽഡിഎഫ് വന്നില്ലായിരുന്നു എങ്കിൽ ഇത് നടപ്പാകുമോ?

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം നടപ്പാക്കി. പദ്ധതിയുടെ ഭാഗമായി നന്നായ സ്‌കൂളുകൾ പുതുപ്പള്ളിയിലും ഉണ്ട്. കിഫ്‌ബി വഴിയാണ് പദ്ധതി ഏറ്റെടുത്തത്. വികസനം സമതല സ്പർശിയാവണം. അതാണ് ഇടതു സർക്കാർ നയം. മത നിരപേക്ഷതക്ക് ഊന്നൽ നൽകി മുന്നോട്ട് പോകുന്ന സർക്കാരാണ്. വർഗീതയോട് സമരസപ്പെടരുത്. ഗാന്ധിയെ വധിച്ച ഗോഡ്സെയെ പോലും ആരാധനാ മൂർത്തിയായി ചിത്രീകരിക്കാൻ ശ്രമമാണ്. പാഠ്യ പദ്ധതി പരിഷ്കരണം അതിന് ഉദാഹരണം. അത് നടക്കില്ലെന്ന് പറഞ്ഞ സംസ്ഥാനമാണ് കേരളം. തല ഉയർത്തിപ്പിടിച്ചു തന്നെ ബദൽ സൃഷ്ടിക്കുകയാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു.