പുതുപ്പള്ളിയിൽ എല്‍ഡിഎഫിന്റെ അജണ്ട വികസനവും ജനജീവിതവും: ജെയ്ക് സി തോമസ്

single-img
14 August 2023

വികസനവും ജനങ്ങളുടെ ജീവിത പ്രശ്‌നവുമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ മുഖ്യ അജണ്ടയെന്ന് ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം മന്ത്രിമാര്‍ തന്നെ പങ്കെടുക്കുന്ന വികസന സംവാദങ്ങള്‍ പുതുപ്പള്ളിയിലുണ്ടാകും.

വികസനത്തെ മുന്‍നിര്‍ത്തിയുള്ള സംവാദത്തിന് എല്‍ഡിഎഫ് എപ്പോഴും സജ്ജമാണെന്നും ജെയ്ക് സി തോമസ് പറഞ്ഞു. ‘വികസനം ചര്‍ച്ച ചെയ്യുന്നതിനായി സമയവും കാലവും തീയതിയും യുഡിഎഫിന് തീരുമാനിക്കാം. അവിടെ ഇടതുപക്ഷ മുന്നണി വരാന്‍ തയ്യാറാണ്. പക്ഷേ പല തവണ പറഞ്ഞിട്ടും വികസനം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് തയ്യാറായിട്ടില്ല.

നേരത്തെ തിരുവഞ്ചൂര്‍ പറഞ്ഞത് പോലെ പൊതുമരാമത്ത് മന്ത്രിയെ മാത്രമല്ല പങ്കെടുപ്പിക്കുന്നത്. എല്ലാ മന്ത്രിമാരെയും പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും ഇടതുമുന്നണി വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. 182 ബൂത്തിലെ ഏത് സ്ഥലത്തും ഏത് മൂലയിലും വികസനം സംവദിക്കാം. വികസനം എന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ അടുക്കള കാര്യമല്ല. ജനജീവിതസംബന്ധമാണ്. അതിനെ മുന്‍നിര്‍ത്തിയാണ് ആദ്യഘട്ടം മുതലേ എല്‍ഡിഎഫ് നിലകൊള്ളുന്നത്’. ജെയ്ക് മാധ്യമങ്ങളോട് പറഞ്ഞു.