അഞ്ച് വർഷത്തിനിടെ പത്തനംതിട്ടയിൽ നിന്ന് മാത്രം കാണാതായത് പന്ത്രണ്ട് സ്ത്രീകളെ

single-img
13 October 2022

ഇലന്തൂരിലെ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകളിൽ പുനരന്വേഷണം നടത്തും. ജില്ലയില്‍ അഞ്ചുവര്‍ഷത്തിനിടെ 12 സ്ത്രീകളെയാണ് കാണാതായത്. ഇതിൽ മൂന്ന് കേസുകള്‍ ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. തിരോധാനങ്ങൾക്ക് നരബലി കേസുമായി ബന്ധമുണ്ടോ എന്നാണു പ്രധാനമായും പരിശോധിക്കുക.

അഞ്ച് വർഷത്തിനിടെ കൊച്ചി നഗര പരിധിയിൽ പതിമൂന്ന് തിരോധാനക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കേസുകളെക്കുറിച്ചും പൊലീസ് വിശദമായി പരിശോധിക്കും. ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി ഷാഫിക്ക് വൈദ്യനായ ഭഗവൽ സിംഗിന്റെ കുടുംബവുമായി രണ്ട് വർഷത്തിലേറെയായി ബന്ധമുണ്ട്. സമാനരീതിയിൽ ഷാഫി മുൻപും ഇവിടേക്ക് സ്ത്രീകളെ എത്തിച്ചിരുന്നോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

അതെ സമയം നരബലിക്കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. പ്രതികളെ 12 ദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് കൂടുതൽ ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പൊലീസ് മുന്നോട്ടു വെക്കുന്നത്.

നരബലി അല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങൾ കൊലപാതകത്തിന് പിന്നിലുണ്ടോ എന്നും പൊലീസിന് സംശയമുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെങ്കിൽ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടിവരും. ഈ മൂന്നു പ്രതികളെ കൂടാതെ കുറ്റകൃത്യത്യത്തിൽ മറ്റാർക്കെങ്കിലും നേരിട്ടോ പരോക്ഷമായോ പങ്കുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്.