സദാചാര പോലീസ് ചമഞ്ഞ കെ എസ് ആർ ടി സി കൺട്രോളിംഗ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു

single-img
24 December 2022

സഹപാഠികളായ പെൺകുട്ടികളോട് സംസാരിച്ചതിന്‍റെ പേരിൽ പൂവാർ ബസ് സ്റ്റാന്‍റിൽ വിദ്യാർത്ഥിയെ മർദ്ദിച്ച കെ എസ് ആർ ടി സി കൺട്രോളിംഗ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി പൂവാർ ഡിപ്പോയിലെ കൺട്രോളിംഗ് ഇൻസ്പെക്ടർ നെടുമങ്ങാട് കൊപ്പം വീട്ടിൽ എം സുനിൽ കുമാറി (46) നെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാവുകയും സംഭവം കോർപ്പറേഷന് നാണക്കേട് ഉണ്ടാക്കിയെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് എം ഡി ബിജു പ്രഭാകർ, സുനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.

കഴിഞ്ഞ ബുധനാഴ്ചയാണ് തിരുപുറം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥി പൊഴിയൂർ സ്വദേശി ഷാനുവിനെ പൂവാർ ബസ് സ്റ്റാന്‍റിൽ വച്ച് കൺട്രോളിംഗ് ഇൻപക്ടർ മർദ്ദിച്ചത്. ഷർട്ട് കീറിയ നിലയിലുള്ള ഷാനുവിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു, ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളും സ്റ്റാൻഡിലുണ്ടായിരുന്ന നാട്ടുകാരും ഷാനുവിന്‍റെ പരാതി ശരിവച്ചു. കെ എസ് ആർ ടി സിയുടെ വിജിലൻസ് സംഘം പൂവാർ ബസ്റ്റാന്റിൽ എത്തി അന്വഷണം നടത്തുകയും റിപ്പോർട്ട് എം.ഡിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് സുനിൽകുമാറിനെ കഴിഞ്ഞദിവസം പൂവാർ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.

പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ നോക്കേണ്ട ജീവനക്കാര്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കൺട്രോളിംഗ് ഇൻപക്ടർ സുനില്‍ കുമാര്‍ ബസ് കയറാനെത്തിയ വിദ്യാര്‍ത്ഥിയെ വലിച്ചിഴച്ച് സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ എത്തിച്ച് ബന്ദിയാക്കാന്‍ ശ്രമിച്ചെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസിന്‍റെ എഫ്ഐആറിലും ഈ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341, 342, 323 എന്നീവകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.