“പിണറായി ഭരണത്തിനെതിരെ പൗര വിചാരണ”; പ്രക്ഷോഭ പരിപാടികളുമായി കെപിസിസി

single-img
24 October 2022

കേരളത്തിലെ ഇടതുമുന്നണി സർക്കാരിന്‍റെ ഭരണ പരാജയങ്ങൾക്കും ജനദ്രോഹത്തിനുമെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്ക്കരിക്കാൻ ഇന്ന് ചേർന്ന കെ പി സി സി യോഗം തീരുമാനിച്ചതായി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി.

പിണറായി ഭരണത്തിലെ ജനദ്രോഹ ഭരണത്തിനെതിരെ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് വളയുന്നതടക്കമുള്ള 3 ഘട്ട പ്രക്ഷോഭ പരിപാടികളാണ് നടത്തുകയെന്ന് വാര്‍ത്താസമ്മേളനത്തില്‍ കെ സുധാകരൻ അറിയിച്ചു.
ഇനിവരുന്ന രണ്ട് മാസത്തേക്കുള്ള പാർട്ടി പരിപാടികൾക്കും പ്രക്ഷോഭ പരിപാടികൾക്കുമാണ് കെ പി സി സി അന്തിമരൂപം നല്‍കിയത്.

പ്രക്ഷോഭത്തിലെ ആദ്യഘട്ടമായി നവംബർ 3 ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റുകളിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. “പിണറായി ഭരണത്തിനെതിരെ പൗര വിചാരണ” എന്ന പേരിലുള്ള തുടർ പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടമായാണ് കളക്ട്രേറ്റ് മാർച്ചുകൾ നടത്തുന്നത്. ആദ്യം സെക്രട്ടേറിയറ്റിന് മുന്നിലേക്കായിരിക്കും മാർച്ച് നടത്തുന്നതെന്നും കെ പി സി സി പ്രസിഡന്‍റ് വ്യക്തമാക്കി.

രണ്ടാം ഘട്ടമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വാഹന പ്രചരണ ജാഥകൾ നവംബർ 20 മുതൽ 30 വരെയുള്ള തീയ്യതികളിൽ സംഘടിപ്പിക്കും. ഡിസംബർ രണ്ടാം വാരത്തിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന ‘സെക്രട്ടേറിയറ്റ് വളയൽ’ സമരം മൂന്നാം ഘട്ട പ്രക്ഷോഭത്തിന്‍റെ ഭാഗമായി നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.