മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു എന്ന സി.പി.എം വാദം പച്ചക്കള്ളം: വിഡി സതീശൻ

single-img
26 February 2026

ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു എന്ന സി.പി.എം വാദം പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്ന് നാടകം കളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മന്ത്രിയുടെ അടുത്തെങ്ങും കെ.എസ്.യു പ്രവർത്തകർ എത്തിയിട്ടില്ലെന്നും അവരുടെ കൈവശമുള്ള മുറിവ് നേരത്തെ ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ് സി.പി.എം നടത്തുന്നത്. ആരോഗ്യ മന്ത്രിയുടെ ‘പിടലി തിരിച്ചു’ എന്നതടക്കമുള്ള അസംബന്ധങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ്. സർക്കാരിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം ഗൂഢാലോചനകൾ നടത്തുന്നതെന്നും സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആ പദവിയിലിരിക്കാൻ യോഗ്യനല്ലെന്നും സതീശൻ വിമർശിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്തതിന് ഗോവിന്ദനെതിരെ കേസെടുക്കണം. സ്പീക്കർ എ.എൻ. ഷംസീർ തന്റെ പദവി മറന്ന് പഴയ എസ്.എഫ്.ഐക്കാരനെപ്പോലെ ഗൂഢാലോചനയിൽ പങ്കാളിയാവുകയാണ്.

എൽ.ഡി.എഫ് ജാഥകൾ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് പ്രതിപക്ഷത്തിന്റെ ‘പുതുയുഗ യാത്ര’യെ തകർക്കാൻ ശ്രമിക്കുന്നത്. ഇത്തരം കള്ളപ്രചാരണങ്ങൾ കൊണ്ട് പ്രതിപക്ഷത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.