കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി മൂന്നാറിലെ വിനോദയാത്രയ്ക്ക് ; ദൃശ്യങ്ങള്‍ പുറത്ത്

single-img
11 February 2023

കോന്നി താലൂക്ക് ഓഫീസിൽ നിന്നും ജീവനക്കാർ കൂട്ട അവധി എടുത്ത് മൂന്നാറിൽ വിനോദ യാത്രയ്ക്ക് പോയതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ശരിയായി ജോലിയ്ക്ക് ഹാജരാകാതിരുന്ന കോന്നി തഹസീല്‍ദാര്‍ ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരാണ് മൂന്നാറിൽ ഇപ്പോഴും തുടരുന്നത്.

ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു. താലൂക് ഓഫീസിലെ 23 ജീവനക്കാർ അവധിക്ക് അപേക്ഷ നൽകിയും 21 പേർ അവധി എടുക്കാതെയുമാണ് വിനോദ യാത്രയ്ക്ക് പോയത്.

ഇടുക്കി ജില്ലയിലെ ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സംഘം യാത്ര പോയത്. ഓഫീസ് സ്റ്റാഫ്‌ കൗൺസിൽ സംഘടിപ്പിച്ച യാത്രയ്ക്കായി 3000 രൂപ വീതം ഓരോരുത്തരും നൽകിയിരുന്നു. ആകെ 63 ജീവനക്കാരുള്ള ഓഫീസിൽ 44 പേരും ഹാജരായിരുന്നില്ല. സംഭവത്തിൽ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ തഹസീൽദാരോട് വിശദീകരണം തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം താലൂക്ക് ഓഫീസിൽ ആളില്ലെന്ന വിവരം ലഭിച്ച എംഎൽഎ തഹസിൽദാർ ഓഫീസിൽ എത്തുകയായിരുന്നു. ഇതോടുകൂടിയാണ് തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മൂന്നാറിലേക്ക് ടൂർ പോയതാണെന്ന് മനസ്സിലായത്. പിന്നാലെ എംഎൽഎ കെ യു ജനീഷ്കുമാർ തഹസീൽദാറെ ഫോണിൽ ബന്ധപ്പെട്ട് ക്ഷുഭിതനായി.

അതേസമയം, അടുത്തുതന്നെയുള്ള അവധികളായ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ആയതിനാലാണ് ഉദ്യോഗസ്ഥർ മൂന്ന് ദിവസം അവധിയെടുത്ത് മൂന്നാറിലേക്ക് പോയത്. നിയമപ്രകാരം ജീവനക്കാർക്ക് അർഹതപ്പെട്ട ലീവ് എടുക്കുന്നതിൽ തടസമില്ല, എന്നാൽ ഇത്രയേറെപ്പേർക്ക് ഒന്നിച്ച് ലീവ് അനുവദിക്കേണ്ടതുണ്ടോയെന്ന് മേലധികാരി തീരുമാനിക്കണമെന്നും ജനീഷ് കുമാർ പറയുകയുണ്ടായി.