ചാന്ദ്രയാൻ 3 ദൗത്യത്തിൽ കേരളത്തിന്റെ കൈയ്യൊപ്പും; കെൽട്രോൺ ഉൾപ്പെടെ മൂന്ന്‌ പൊതുമേഖലാ സ്ഥാപനങ്ങൾ പങ്കാളികൾ

single-img
14 July 2023

ഇന്ത്യയുടെ സ്വപ്‌നദൗത്യം ചാന്ദ്രയാൻ 3വിൽ കൈയ്യൊപ്പ്‌ ചാർത്തി കേരളവും. സംസ്ഥാന വ്യവസായവകുപ്പിന്‌ കീഴിലുള്ള മൂന്ന്‌ പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ്‌ ചാന്ദ്രയാൻ 3ലേക്കുള്ള വിവിധ ഉൽപ്പന്നങ്ങൾ നിർമിക്കാൻ അവസരമുണ്ടായത്. കെൽട്രോൺ, കെഎംഎംഎൽ, എസ്ഐഎഫ്എൽ എന്നീ സ്ഥാപനങ്ങളാണ്‌ കേരളത്തിൽ നിന്നും രാജ്യത്തിന്റെ അഭിമാന പദ്ധതിയുടെ ഭാഗമായത്‌.

ദൗത്യത്തിന് ആവശ്യമായ 41 ഇലക്‌ട്രോണിക്‌സ് മൊഡ്യൂൾ പാക്കേജുകൾ ഉൾപ്പെടയുള്ളവ കെൽട്രോണിൽ നിന്ന് നിർമ്മിച്ച് നൽകിയപ്പോൾ കെഎംഎംഎല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്‌കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കൽ കമ്പോണൻ്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റീൽ ആൻഡ്‌ ഫോർജിങ്ങ്സ് ലിമിറ്റഡ്‌ നിന്നുള്ള ടൈറ്റാനിയം, അലൂമിനിയം ഫോർജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമ്മിച്ചു നൽകി.

വിവിധ ഇലക്ട്രോണിക്‌സ് മോഡ്യൂൾ പാക്കേജുകൾ കൂടാതെ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എൽവിഎം 3യിലെ ഇന്റർഫേസ് പാക്കേജുകൾ, ഏവിയോണിക്‌സ് പാക്കേജുകൾ, ചന്ദ്രയാന് വേണ്ടിയുള്ള പവർ മോഡ്യൂളുകൾ, ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സപ്പോർട്ട് എന്നിവ നൽകിയതും കെൽട്രോണാണ്.

തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്‌സ്, മൺവിളയിലുള്ള കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്‌സ്, ബാംഗ്ലൂർ മാർക്കറ്റിങ്‌ ഓഫീസ് തുടങ്ങിയ യൂണിറ്റുകളാണ് ഇതിന്‌ പിന്നിൽ. സ്പേസ് ഇലക്ട്രോണിക്‌സ് മേഖലയിൽ ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളായ വിഎസ്എസ്‌‌സി, എൽപിഎസ്‌‌സി, എംവിഐടി, ഐഎസ്‌യു, ബാംഗ്ലൂർ യുആർഎസ്‌‌സി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി കഴിഞ്ഞ 30 വർഷമായി കെൽട്രോൺ സഹകരിക്കുന്നുണ്ട്.

രാജ്യത്തിന്റെ ഉപഗ്രഹ വിക്ഷേപണ സംവിധാനങ്ങളിൽ മൊത്തമായുള്ള 300ഓളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിൽ അമ്പതോളം എണ്ണം ഇതുവരെ വിവിധ ദൗത്യങ്ങൾക്കായി കെൽട്രോൺ നൽകിയിട്ടുണ്ട്‌. ഐഎസ്ആർഒ, വിഎസ്എസ്‌സി തുടങ്ങിയ സ്ഥാപനങ്ങളുമായി കെൽട്രോൺ സഹകരിക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷത്തിലേറെയായി. ​ഗ​ഗൻയാൻ ഉൾപ്പെടെ ഐഎസ്ആർഒയുടെ വരാനിരിക്കുന്ന വമ്പൻ പദ്ധതികൾക്കായെല്ലാം ഇലക്ട്രോണിക് മൊഡ്യൂളുകൾ കെൽട്രോൺ നിർമിക്കുന്നുണ്ട്‌.അവസാന അഞ്ച് വർഷത്തിനിടെ ഐഎസ്ആർഒ നടത്തിയ 42 വിക്ഷേപണങ്ങളിൽ കെൽട്രോണിനും പങ്കുണ്ട്.