2018 ഓഗസ്റ്റിലെ പ്രളയകാലത്ത് തന്ന അരിയുടെ വില നൽകാൻ അന്ത്യശാസനം നൽകി കേന്ദ്ര സർക്കാർ; നൽകാമെന്ന് കേരളം

single-img
26 November 2022

2018 ഓഗസ്റ്റിലെ മഹാപ്രളയകാലത്ത് സഹായമായി അനുവദിച്ച അരിയുടെ വില നല്‍കണമെന്ന കേന്ദ്രത്തിന്റെ അന്ത്യശാസനത്തിന് കേരളം വഴങ്ങുന്നു. 2018 ഓഗസ്റ്റിലെ പ്രളയകാലത്ത് സൗജന്യ വിതരണത്തിന് 89,540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. ഇതിന്റെ തുകയാണ് കേന്ദ്രം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഒരു വര്‍ഷത്തിലേറെയായി കേന്ദ്രം ഈയാവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ പരിഹാരം ഉണ്ടാക്കാനായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ ശ്രമം.

എഫ്.സി.ഐ. വഴി നല്‍കിയ അരിയുടെ വിലയായ 205.81 കോടി രൂപ അടിയന്തരമായി തിരിച്ചടച്ചില്ലെങ്കില്‍ അടുത്തകൊല്ലത്തെ ദുരന്ത ലഘൂകരണ ഫണ്ടില്‍നിന്നോ ഭക്ഷ്യ സബ്സിഡിയില്‍നിന്നോ കുറവുചെയ്യുമെന്നായിരുന്നു കേന്ദ്രത്തിന്റെ അന്ത്യശാസനം. കേന്ദ്ര സർക്കാരിന്റെ സമ്മര്‍ദം മുറുകിയതോടെ 2018 ഓഗസ്റ്റിലെ മഹാപ്രളയകാലത്ത് സഹായമായി അനുവദിച്ച അരിയുടെ വില അടയ്ക്കാന്‍ മുഖ്യമന്ത്രി നൽകി.

205.81 കോടിയാണ് തിരികെ നല്‍കുന്നത്. സാമ്പത്തിക ഞെരുക്കത്തില്‍ ബുദ്ധിമുട്ടുന്ന സംസ്ഥാനത്തെ, കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കേന്ദ്രം നല്കിയ പ്രളയസഹായം തിരികെ ആവശ്യപ്പെട്ടതും പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററിന് പണം ആവശ്യപ്പെട്ടതും നേരത്തെ വിവാദമായിരുന്നു.