കേരള പൊലീസിന്റെ ഹെലികോപ്റ്റർ കരാർ അവസാനിച്ചു; പുതിയ നിർദേശവുമായി ചിപ്‌സൺ ഏവിയേഷൻ

single-img
20 September 2026

കേരള പൊലീസ് വാടകയ്‌ക്കെടുത്തിരുന്ന ഹെലികോപ്റ്ററിന്റെ കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെ പുതിയ സേവന നിർദേശവുമായി ചിപ്‌സൺ ഏവിയേഷൻ. പ്രതിമാസം നിശ്ചിത തുക നൽകുന്ന നിലവിലെ രീതിക്ക് പകരം, ആവശ്യാനുസരണം മാത്രം ഹെലികോപ്റ്റർ ഉപയോഗിക്കുകയും മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ പണം നൽകുകയും ചെയ്യുന്ന രീതിയാണ് കമ്പനി മുന്നോട്ടുവച്ചിരിക്കുന്നത്.

നിലവിലെ കരാർ പ്രകാരം പ്രതിമാസം 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് നൽകിയിരുന്നത്. ഇതിന് പുറമെ അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകേണ്ടതായിരുന്നു. കരാർ നീട്ടുന്നതിൽ സർക്കാർ അന്തിമ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് നിലവിലെ കരാർ അവസാനിച്ചത്.

കരാർ രണ്ട് വർഷത്തേക്ക് കൂടി നിലവിലെ നിരക്കിൽ നീട്ടണമെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കാരിന് നൽകിയ ശുപാർശ. പുതിയ ടെൻഡറിലേക്ക് പോകുകയോ മറ്റൊരു ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുകയോ ചെയ്താൽ നിലവിലെ 80 ലക്ഷം രൂപയേക്കാൾ ചെലവ് ഉയരാൻ സാധ്യതയുണ്ടെന്നും പൊലീസ് വിലയിരുത്തിയിരുന്നു.

എന്നാൽ ശനിയാഴ്ച കരാർ കാലാവധി അവസാനിച്ചിട്ടും പുതുക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് ഉപയോഗിക്കുന്ന സമയത്തിന് മാത്രം നിരക്ക് ഈടാക്കുന്ന പുതിയ നിർദേശം ചിപ്‌സൺ ഏവിയേഷൻ മുന്നോട്ടുവച്ചത്.

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് പൊലീസ് ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് ആരംഭിച്ചത്. അടിയന്തര യാത്രകൾ, ദുരന്തനിവാരണം, ആരോഗ്യ അടിയന്തര സാഹചര്യങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ ഉപയോഗിച്ചുവരുന്നുണ്ട്.

പുതിയ നിർദേശം സ്വീകരിക്കണമോ, നിലവിലെ കരാർ വ്യവസ്ഥകളിൽ തന്നെ സേവനം തുടരണമോ, പുതിയ ടെൻഡറിലേക്ക് പോകണമോ എന്നതിൽ ഇനി സർക്കാർ തീരുമാനമെടുക്കേണ്ടതുണ്ട്.