ഡൽഹിയിലെ 16കാരിയുടെ കൊലപാതകം; ക്രൂരതയുടെ എല്ലാ അതിരുകളും ലംഘിച്ചു: പ്രിയങ്ക

single-img
19 September 2026

ഡൽഹിയിൽ 16കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീസുരക്ഷയെ ചൊല്ലി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. സ്ത്രീസുരക്ഷയെക്കുറിച്ച് വെറും വാചകമടികൾ മാത്രമാണ് നടക്കുന്നതെന്നും നൂറുകണക്കിന് സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും അവർ പറഞ്ഞു.

കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷ പോലും സ്ത്രീകൾക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. 16കാരിയായ പെൺകുട്ടിക്ക് നേരെയുണ്ടായ സംഭവം ക്രൂരതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും അവർ പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും പീഡനത്തിനിരയായതായി ചൂണ്ടിക്കാട്ടിയ പ്രിയങ്ക, രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും ആരോപിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പലപ്പോഴും കൃത്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും ചില കേസുകളിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യപ്പെടുന്നില്ലെന്നും അവർ പറഞ്ഞു.

സ്ത്രീകൾക്ക് സുരക്ഷ, സ്വാതന്ത്ര്യം, സമത്വം എന്നിവയ്ക്കുള്ള അവകാശങ്ങൾ ഉറപ്പാക്കുന്നതിൽ സമൂഹവും സർക്കാരും പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

അതേസമയം, ഡൽഹിയിലെ സ്വരൂപ് നഗറിൽ 16കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേരെ പൊലീസ് പിടികൂടിയതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.