കുട്ടികളുടെ പാസ്‌പോർട്ട് ചട്ടങ്ങളിൽ മാറ്റം; പുതിയ കാലാവധി പ്രഖ്യാപിച്ച് കേന്ദ്രം

15 വയസ്സിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് വിതരണത്തിലും കാലാവധിയിലും നിർണായക മാറ്റങ്ങളുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പുതിയ ഭേദഗതി പ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അനുവദിക്കുന്ന 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന് ഇനി അഞ്ച് വർഷമോ കുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെയോ ആയിരിക്കും സാധുത. ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ മാത്രമായിരിക്കും പാസ്‌പോർട്ട് സാധുവായിരിക്കുക.
1980ലെ പാസ്‌പോർട്ട് ചട്ടങ്ങളിൽ ഭേദഗതി വരുത്തി 2026ലെ പാസ്‌പോർട്ട് ഭേദഗതി ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പാസ്‌പോർട്ട് നിയമത്തിലെ സെക്ഷൻ 24 പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് വിദേശകാര്യ മന്ത്രാലയം പുതിയ ഭേദഗതികൾ നടപ്പാക്കിയത്.
പുതിയ ചട്ടപ്രകാരം പാസ്‌പോർട്ട് ചട്ടങ്ങളിലെ അധ്യായം 12ലെ സബ് റൂൾ 1എയിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. കുട്ടികളുടെ പാസ്‌പോർട്ടിന്റെ കാലാവധിയും പുതുക്കൽ നടപടികളും കൂടുതൽ വ്യക്തതയോടെ ക്രമീകരിക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം.
പ്രവാസി കുടുംബങ്ങൾക്കും കുട്ടികളുമായി വിദേശയാത്ര നടത്തുന്ന മാതാപിതാക്കൾക്കും പുതിയ വ്യവസ്ഥകൾ പ്രധാനമാണ്. പാസ്‌പോർട്ടിന്റെ കാലാവധി സംബന്ധിച്ച മുൻകാല ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും പുതുക്കൽ നടപടികൾ കൂടുതൽ എളുപ്പമാക്കാനും പുതിയ സമയപരിധി സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
ഇതിന് പുറമെ പാസ്‌പോർട്ട് അപേക്ഷാ ഫീസുമായി ബന്ധപ്പെട്ട ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ഭേദഗതി ചെയ്ത എട്ടാം ചട്ടപ്രകാരം വിവിധ വിഭാഗങ്ങളിലെ അപേക്ഷകൾക്ക് ഈടാക്കേണ്ട ഫീസ് ഷെഡ്യൂൾ നാലിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.


