കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ; കുഞ്ചാക്കോ മികച്ച നടൻ, ദർശന മികച്ച നടി

single-img
22 May 2023

46ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദർശനാ രാജേന്ദ്രൻ മികച്ച നടിക്കുള്ള അവാർഡ് നേടി. അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള അവാർഡിനും അർഹനായി.

അതേസമയം, മികച്ച സിനിമയുടെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രുതി ശരണ്യം എന്നിവർ പങ്കിടും. മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ (അറിയിപ്പ്). മികച്ച സഹനടനുള്ള പുരസ്‌കാരം തമ്പി ആന്റണിക്കാണ്.

ശ്രീലാൽ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവർ നിർമിച്ച് രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റർ, കെഎസ്എഫ്ഡിസി നിർമിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നിവയാണ് കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങൾ. സമഗ്രസംഭാവനകൾക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌കാരം മുതിർന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി കുമാരന് നൽകും.

50 വർഷത്തിലധികമായി ദക്ഷിണേന്ത്യൻ സിനിമയുടെ എല്ലാ മേഖലകളിലും നിറഞ്ഞു നിൽക്കുന്ന കമൽഹാസന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും. വിജയരാഘവൻ, ശോഭന, നടനും നർത്തകനുമായ വിനീത്, തിരക്കഥാകൃത്ത് ഗായത്രി അശോകൻ, മുതിർന്ന നടൻ മോഹൻ ഡി. കുറിച്ചി എന്നിവർക്കാണ് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം.

ഡോ.ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എം.എഫ് തോമസ്, എ.ചന്ദ്രശേഖർ, ഡോ.അരവിന്ദൻ വല്ലച്ചിറ, സുകു പാൽകുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രൻ നായർ, പ്രഫ.വിശ്വമംഗലം സുന്ദരേശൻ, ബാലൻ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.