കേരളത്തിൽ കോൺഗ്രസ് എന്ന സംഘടനയെ ഒറ്റക്കെട്ടായി നിർത്തിയ കെസി വേണുഗോപാൽ

single-img
16 December 2025

| ഗോപകുമാർ സാഹിതി

തദ്ദേശ തെരഞ്ഞെടുപ്പു ഫലം എതിർ ദിശയിലേക്ക് ചായ്ഞ്ഞിരുന്നുവെങ്കിൽ കെ.സി.വേണുഗോപാലിന്റെ രക്തത്തിനു വേണ്ടിയുള്ള മുറവിളിക്ക് ശക്തി കൂടുമായിരുന്നു, നിശ്ചയമായും. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി അദ്ദേഹം ചുമതലയേറ്റപ്പോൾ, രക്തവും, മാംസവും, മജ്ജയും ഓജസ്സുമില്ലാത്ത വിചിത്രജീവിയുടെ അവസ്ഥയേക്കാൾ പരിതാപകരമായിരുന്നു പാർട്ടിയുടെ അവസ്ഥ. തനിക്കു മുൻപേ കടന്നുപോയവരുടെ ഭാവനാശൂന്യമായ പ്രവർത്തനങ്ങളുടെ ഫലമായി തകർന്നടിഞ്ഞ് നാമാവശേഷമായ പാർട്ടി നേരിട്ട വമ്പൻ തുടർ പരാജയങ്ങൾക്ക് മറ്റാരെയും കുറ്റപ്പെടുത്താതെ, എല്ലാ ഉത്തരവാദിത്വങ്ങളും ചാർത്തിക്കൊടുത്തത് കെ.സി.യുടെ തലയിലേക്കായിരുന്നു.

നമ്മൾ മലയാളികൾ ഇക്കാര്യത്തിൽ ബദ്ധശ്രദ്ധരായിരുന്നു. കെ.സി.യെ മാറ്റി, ഹിന്ദി ഹൃദയഭൂമിയിലെ ഒരു നേതാവിനെ ചുമതല ഏൽപ്പിക്കണമെന്ന ആവശ്യം നിരന്തരം ഉയർത്തിയതും മലയാളികൾ തന്നെ. എ ഐ സിസി ആസ്ഥാനവും പൂട്ടി, താക്കോലുമായി ഓടിക്കളയാൻ കാത്തു നിന്ന ചിലരെപ്പോലെയല്ല കെ.സി വേണുഗോപാൽ എന്ന് നേതൃത്വം തിരിച്ചറിഞ്ഞതാണ് ദീർഘകാലമായി ഈ പദവിയിൽ അദ്ദേഹം തുടരാൻ ഒരു കാരണം. വലിയ അക്കാദമീഷ്യനൊന്നുമല്ലെങ്കിലും, കഠിനാധ്വാനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കൂടി കഴിവാണ് വിജയകരമായ ഭാരത് ജോഡോ യാത്രയും, ഇൻഡ്യാ മുന്നണി രൂപീകരണവും ബിജെപിയെ കേവല ഭൂരിപക്ഷത്തിൽ നിന്ന് അകറ്റിയ തെരഞ്ഞെടുപ്പുഫലവും.

ഈ വർഷമാദ്യം, കേരളത്തിലെ സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് പരിചിതമല്ലാത്ത ഒരു സംഭവം നടന്നിരുന്നു. വോട്ടർ പട്ടികയും ആയിരം രൂപയും ബൂത്ത് പ്രസിഡന്റുമാരുടെ കൈകളിൽ എത്തിയിരുന്നു.
(വോട്ടൊന്നിന് പതിനായിരം രൂപ മുടക്കാൻ കഴിവുള്ള മിത്രംസിനും ദാസപ്പൻ പാർട്ടിക്കാർക്കും നിസാരമായിരിക്കാം, ആയിരം കുണുവ) വോട്ടർ പട്ടികയിൽ വോട്ടു ചേർക്കാനുള്ള ശ്രമങ്ങൾ അവിടെ തുടങ്ങുകയായിരുന്നു.

പാർട്ടി ആസ്ഥാനത്തെ കറന്റ് ബില്ലടയ്ക്കാൻ പാടുപെട്ടിരുന്ന പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം അവിടെ തുടങ്ങുകയായിരുന്നു. സ്ഥാനാർത്ഥി നിർണ്ണയം വാർഡ് കമ്മിറ്റികൾ നടത്തട്ടേ, മുകളിൽ നിന്നും കെട്ടിയിറക്കുന്ന രീതി അനുവദിക്കില്ല എന്ന തീരുമാനമായിരുന്നു രണ്ടാമത്തേത്. പല ഗോത്രങ്ങളായി കലഹിച്ച്, കലാപ ഭൂമിയാകാറുള്ള ഡിസിസി കളും ഇന്ദിരാഭവനും ഈ തെരഞ്ഞെടുപ്പു കാലത്ത് ശാന്തമായിരുന്നു. ഇപ്പോഴത്തെ വലിയ വിജയത്തിന്റെ അടിത്തറയും ഈ ശാന്തതയായിരുന്നു. ഈ ശാന്തത, കോൺഗ്രസിന്റെ നിഷ്ക്രിയത്വമായി കരുതിയ സിപിഎമ്മിന് കിട്ടിയ സമ്മാനമായിരുന്നു ഈ കനത്ത പരാജയം.

പതിവിനു വിരുദ്ധമായി എല്ലാത്തിനും മുകളിൽ ഒരു നേതൃത്വമുണ്ടെന്ന് സംസ്ഥാന നേതൃത്വത്തിന് ബോധ്യമായ ഒരു തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. വാർഡുതല കൺവെൻഷനുകളിൽ എ ഐ സിസി ജനറൽ സെക്രട്ടറിമാർ പങ്കെടുത്തു എന്നത് ഈ തെരഞ്ഞെടുപ്പിനെ നേതൃത്വം എത്രമാത്രം ഗൗരവത്തോടെ കണ്ടു എന്നതിന്റെ തെളിവാണ്. എ ഐ സിസി യുടെ സംഘടനാ ചുമതലയിൽ ഒരു മലയാളി ഇരിക്കുന്നതിന്റെ ഗുണഭോക്താക്കൾ വാർഡു തലത്തിലെ സാധാരണ പ്രവർത്തകരായി മാറിയ തെരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്.

ലക്കും ലഗാനുമില്ലാതെ വായിൽ തോന്നിയത് കോതയ്ക്കു പാട്ട് എന്ന മട്ടിൽ ജനത്തെ വെറുപ്പിക്കാൻ ചില നേതാക്കൾ മൽസരിച്ചപ്പോൾ, സംഘടനയെ ഒറ്റക്കെട്ടായി അണിനിരത്തിയതിൽ എ ഐ സിസി ക്കുള്ള പങ്ക് വളരെ വലുതാണ്. പ്രതിപക്ഷ നേതാവിന്റെ കിറുകൃത്യമായ ആസൂത്രണവും കെപിസിസി പ്രസിഡന്റിന്റെ പക്വമായ സമീപനവും ചെറുതാക്കിക്കാണാനല്ല ഇത്രയും പറഞ്ഞത്. ഈ വിജയത്തിൽ എ ഐ സിസി ക്കും പ്രസിഡന്റിനും സംഘടനാ ജനറൽ സെക്രട്ടറിക്കുമുള്ള വലിയ പങ്ക് ആരും മറക്കരുതെന്ന് ഓർമ്മിപ്പിക്കാനാണ് പറഞ്ഞത്.

(കടപ്പാട്- ഫേസ്ബുക്ക് പോസ്റ്റ് )