കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ആക്രമണം; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

single-img
30 September 2022

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മകളുടെ കണ്‍സെഷന്‍ പുതുക്കാന്‍ വന്ന പിതാവിനേയും മകളെയും വാക്കുതർക്കത്തിനിടയിൽ ജീവനക്കാർ മര്‍ദ്ദിച്ച സംഭവത്തിൽ അഞ്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി.

ജീവനക്കാരായ മുഹമ്മദ് ഷെരീഫ്, മിലന്‍ ഡോറിച്ച്, അനില്‍കുമാര്‍ , വര്‍ക്ക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാര്‍, അജികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മകളുടെ മുന്നില്‍ വച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്ത ക്രൂരകൃത്യത്തെ ന്യായീകരിക്കാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ സ്വീകരിച്ച നിലപാട് .

ഒരു ജീവനക്കാരൻ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്ന ശേഷമാണ് പ്രതികള്‍ ചെയ്ത ക്രൂരകൃത്യം പുറത്തറിഞ്ഞത്. പൊലീസിന് പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങി ശബ്ദസാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ച വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, സംഭവം നടന്നിട്ട് 11- ാം ദിവസവും പ്രതികളെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.