കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്

single-img
5 December 2022

തൃശൂര്‍ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടി.

മാനേജർ ബിജു കരീം, അക്കൗണ്ടന്റ് ജിൽസ്, കമ്മീഷൻ ഏജന്റ് ബിജോയ്, സൂപ്പർ മാർക്കറ്റ് ക്യാഷ്യർ റജി. കെ അനിൽ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. പ്രതികള്‍ 2011 മുതല്‍ 2021 വരെ സമ്പാദിച്ച 58 സ്വത്തുക്കള്‍ ഇതോടെ സര്‍ക്കാര്‍ അധീനത്തിലാകും. ബിജോയിയുടെ പേരില്‍ പീരുമേട്ടിലുള്ള ഒന്‍പതേക്കർ ഭൂമിയും ഇതില്‍പ്പെടും. തൃശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിന്‍കര എന്നിവിടങ്ങളിലാണ് മറ്റ് വസ്തുവകകള്‍.

2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ച് ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. ബാങ്കിൽ നിരവധി പേർ നിക്ഷേപിച്ച 312 കോടിയിലധികം രൂപ പ്രതികൾ തട്ടിയെടുത്തു എന്നാണ് ആരോപണം. ഉന്നത തല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.