കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംയുക്ത പദ്ധതി വേണം; കായംകുളം എൻടിപിസി നിലയത്തിൽ സോളാർ സംഭരണ സംവിധാനം നിർദേശിച്ച് കെ.സി. വേണുഗോപാൽ

കേരളത്തിലെ ഊർജ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്ത പദ്ധതികൾ ആവിഷ്കരിക്കണമെന്ന് പാർലമെന്റ് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയർമാനും കോൺഗ്രസ് എംപിയുമായ കെ.സി. വേണുഗോപാൽ. പീക്ക് സീസണുകളിൽ രൂക്ഷമാകുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ ടൂറിസം സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ ചേർന്ന പിഎസി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നതായും അദ്ദേഹം പറഞ്ഞു.
കായംകുളം എൻടിപിസി നിലയത്തിന്റെ പ്രവർത്തനവും യോഗം പരിശോധിച്ചു. പ്രതിവർഷം 100 കോടി രൂപയാണ് സംസ്ഥാനം എൻടിപിസിക്ക് നൽകുന്നത്. എന്നാൽ ഈ തുക നൽകുന്നതിലൂടെ കേരളത്തിന് പ്രയോജനമൊന്നും ലഭിക്കുന്നില്ലെന്നും പെനാൽറ്റിയായാണ് പണം നൽകുന്നതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് പ്രയോജനമില്ലാത്ത പദ്ധതി തുടരാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കായംകുളം നിലയത്തിൽ സോളാർ വൈദ്യുതി സംഭരിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് പ്രധാന നിർദേശം. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന ഊർജ സെക്രട്ടറിമാരും എൻടിപിസി ചെയർമാനും ചർച്ച നടത്തും. ഒരു മാസത്തിനകം പിഎസിക്ക് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കായംകുളം പദ്ധതി കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതായിരിക്കണം റിപ്പോർട്ടിന്റെ പ്രധാന ഉള്ളടക്കമെന്നും അദ്ദേഹം പറഞ്ഞു.
സോളാർ വൈദ്യുതി സംഭരണ സംവിധാനം ഒരു വർഷത്തിനകം നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് എൻടിപിസി തയ്യാറാകുന്നില്ലെങ്കിൽ സ്ഥാപനത്തിന് കൈമാറിയ 300 ഏക്കർ ഭൂമി കേരളം തിരിച്ചെടുക്കുന്നതാണ് ഉചിതമെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പവർ ഗ്രിഡ് കോർപ്പറേഷന്റെ സഹായം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിമാചൽ പ്രദേശിലെ വൈദ്യുതി കരാർ വിവാദത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


