വിവാദ വിധികൾ പുറപ്പെടുവിച്ച ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ ഗവർണർ നിയമനം അപലപനീയം: എ എ റഹിം

single-img
12 February 2023

രാജ്യത്തെ 13 ഇടങ്ങളിൽ ഗവര്ണര്മാര്ക്ക് മാറ്റം നൽകിയതിൽ വിവാദ വിധികള്‍ പുറപ്പെടുവിച്ച മുന്‍ ജസ്റ്റിസ് എസ് അബ്ദുല്‍ നസീറിനെ ഗവര്‍ണറായി നിയമിച്ച നടപടി അപലപനീയമാണെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എം പി.

രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തെയും നീതിന്യായ വ്യവസ്ഥയില്‍ ഉള്ള മതിപ്പിനെയും ഇല്ലാതാക്കുന്നതാണ് ഈ തീരുമാനം. ബിജെപി ഭരണഘടന മൂല്യങ്ങളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും എം പി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

രണ്ടു വർഷങ്ങൾക്ക് മുൻപ് ഡിസംബര്‍ 26നു ഹൈദരാബാദില്‍ നടന്ന സംഘപരിവാര്‍ അഭിഭാഷക സംഘടനയായ അഖില ഭാരതീയ അധ്ിവക്ത പരിഷത്ത് നാഷണല്‍ കൗണ്‍സില്‍ മീറ്റിങ്ങില്‍ അബ്ദുല്‍ നസീര്‍ പങ്കെടുത്തത് വിവാദമായിരുന്നു. അവിടെ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥ, മനുസ്മൃതിയുടെ മഹത്തായ പാരമ്പര്യം തുടര്‍ച്ചയായി അവഗണിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഉന്നത നീതിപീഠത്തില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ന്യായാധിപന്‍ പുലര്‍ത്തേണ്ട ഉയര്‍ന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള കൂറുമല്ല ഈ വാക്കുകളില്‍ കണ്ടത്. ഇത്തരത്തില്‍ നിലപാടെടുക്കുന്ന വ്യക്തിയെ നിയമിക്കുന്നത് ഭരണഘടനാപരമായ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന് എതിരാണെന്നും എ എ റഹിം കുറ്റപ്പെടുത്തി.