വനിതാ ലോകകപ്പ് 2023; നോര്‍വേയെ പരാജയപ്പെടുത്തി ജപ്പാന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

single-img
5 August 2023

വനിതാ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇന്ന് നടന്ന കളിയിൽ നോർവേക്കെതിരെ ജപ്പാന് വിജയം. നോര്‍വേയെ തോല്‍പ്പിച്ച് കൊണ്ട് ജപ്പാന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആയിരുന്നു ജപ്പാന്റെ വിജയം.

മത്സരത്തിലെ പതിനഞ്ചാം മിനുട്ടില്‍ ഒരു സെല്‍ഫ് ഗോളിലൂടെ ജപ്പാന്‍ ആദ്യം ലീഡ് എടുത്തു. ഇതിന് പക്ഷെ 20ആം മിനുട്ടില്‍ നോര്‍വേ മറുപടി നല്‍കി. സ്‌കോര്‍ ആദ്യ പകുതിയുടെ അവസാനം വരെ 1-1 എന്ന് തുടര്‍ന്നു. പിന്നീടുള്ള രണ്ടാം പകുതിയില്‍ 50ആം മിനുട്ടില്‍ നോര്‍വേ താരത്തിന്റെ പിഴവ് മുതലെടുത്ത് റിസ ഷിമിസു ജപ്പാനെ വീണ്ടും ലീഡില്‍ എത്തിച്ചു.

ഏതു വിധത്തിലും നോര്‍വേ ഒരു സമനില കണ്ടെത്താനായി പരിശ്രമിക്കവെ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ 81ആം മിനുട്ടില്‍ ജപ്പാന്‍ തങ്ങളുടെ മൂന്നാം ഗോള്‍ കണ്ടെത്തി. ഹിനാറ്റ മിയസവ ആയിരുന്നു ഇത്തവണ സ്‌കോറര്‍. മിയസവയുടെ ഈ ടൂര്‍ണമെന്റിലെ അഞ്ചാം ഗോളാണിത്. ഈ ഗോള്‍ അവരുടെ വിജയവും ഉറപ്പിച്ചു. സ്വീഡനും അമേരിക്കയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ജപ്പാന്‍ ഇനി ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടുക.