ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ഭാരത് ജോഡോ യാത്രയ്ക്ക് ബന്ധമില്ല: ജയറാം രമേശ്


അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളെ ഒഴിവാക്കി ഭാരത് ജോഡോ യാത്ര നടത്താനുള്ള കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ന്യായീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.
രണ്ട് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ഭാരത് ജോഡോ യാത്രയ്ക്ക് ബന്ധമില്ലെന്ന് അദ്ദേഹം ഇന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം 3,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോണ്‍ഗ്രസിന്റെ യാത്രക്കെതിരെ സിപിഎം ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ബിജെപിക്ക് സ്വാധീനമില്ലാത്ത കേരളത്തിൽ 18 ദിവസവും യുപിയിൽ വെറും രണ്ട് ദിവസവും യാത്ര ചിലവഴിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാന വിമര്‍ശനം. മാത്രമല്ല, തെരഞ്ഞെടുപ്പുകൾ അടുത്ത ഗുജറാത്തും ഹിമാചലും മൊത്തത്തില്‍ ഒഴിവാക്കിയതിന് എതിരെയും വിമര്‍ശനം ഉയർന്നിരുന്നു.
അഞ്ച് മാസങ്ങൾകൊണ്ടാണ് കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നീളുന്ന ഈ ബഹുജനസമ്പര്‍ക്ക പദയാത്ര രാഹുൽ ഗാന്ധി പൂര്‍ത്തിയാക്കുന്നത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, തൊഴില്‍ പ്രതിസന്ധി, മതധ്രുവീകരണം തുടങ്ങിയവ കാരണം ബുദ്ധിമുട്ടുന്ന ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതാണ് പദയാത്രയുടെ ലക്ഷ്യമെന്നാണ് വിമർശനങ്ങളോട് കോൺഗ്രസ് പ്രതികരിക്കുന്നത്.