കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമായി പ്രവർത്തിക്കുക എന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വം: എഎ റഹിം

single-img
4 December 2025

പിഎംശ്രീ പദ്ധതിയെ സംബന്ധിച്ച് എം.പി. ജോൺ ബ്രിട്ടാസിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകി എ.എ. റഹീം രംഗത്ത് എത്തി. കേന്ദ്ര സർക്കാരിനും സംസ്ഥാനത്തിനും ഇടയിൽ പാലമായി പ്രവർത്തിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും, അത് ജോൺ ബ്രിട്ടാസ് നിർവഹിച്ചതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞത് വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നതെന്നും റഹീം പറഞ്ഞു. കേരളത്തിന് ലഭിക്കേണ്ട ഫണ്ട് ഉറപ്പാക്കുന്നതിനായി ഇടപെടൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ എംപിമാർ സംസ്ഥാനത്തിന് ‘പാരയാകാതെ പാലമാകണമെന്ന്’ ആവിശ്യപ്പെടുകയും, കോൺഗ്രസ് എംപിമാർ പാരയുടെ വേഷമാണ് ഇടുന്നതെന്നും പക്ഷേ ഇടത് എംപിമാർ പാലമായി പ്രവർത്തിക്കുമെന്നും എ.എ. റഹീം അഭിപ്രായപ്പെട്ടു. ജോൺ ബ്രിട്ടാസ് ചെയ്തത് ഭരണഘടനാപരമായ ചുമതലയാണെന്നും, ഈ വിഷയത്തിൽ മറുപടി പറയേണ്ടത് സിപിഎം അല്ല, കെ.സി. വേണുഗോപാൽ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.