വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേലിൻ്റെ നരവേട്ട: ഒറ്റരാത്രി കൊണ്ട് കൊല്ലപ്പെട്ടത് 90 പേർ
ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ മരണസംഖ്യ ഉയരുന്നു. ഒറ്റരാത്രി കൊണ്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 90 പേരെ കൊലപ്പെടുത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. മധ്യഗസയിൽ 42 പേരും ഉത്തരഗസയിൽ 31 പേരും ദക്ഷിണഗസയിൽ 18 പേരും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. 24 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
ഗസ്സയിൽ ‘ഉടനടി അതിശക്തമായ ആക്രമണം’ നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകിയതിനെ തുടർന്നാണ് ഈ കൂട്ടക്കൊല നടന്നത്.
ദൈർ അൽ – ബലാ, ഖാൻ യൂനിസ് തുടങ്ങിയ പ്രദേശങ്ങളിലെ ആശുപത്രികളിലാണ് മൃതദേഹങ്ങൾ കൂട്ടമായി എത്തിച്ചത്. മധ്യ ഗാസയിലെ അൽ-അഖ്സ ആശുപത്രിയിൽ മാത്രം 10 മൃതദേഹങ്ങൾ എത്തി. ഇതിൽ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.
തെക്കൻ ഗാസയിലെ നാസർ ആശുപത്രിയിൽ ലഭിച്ച 20 മൃതദേഹങ്ങളിൽ 13 കുട്ടികളുമുണ്ടായിരുന്നു. മധ്യ ഗാസയിലെ അൽ – ഔദ ആശുപത്രിയിൽ 14 കുട്ടികൾ ഉൾപ്പെടെ 30 മൃതദേഹങ്ങളാണ് ലഭിച്ചത്.
ആദ്യഘട്ട ആക്രമണങ്ങളിൽ ഗാസ സിറ്റിയിലെ സബ്ര പ്രദേശം, ഖാൻ യൂനിസ് എന്നിവിടങ്ങളിലെ വിവിധ ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. ഈ ആക്രമണങ്ങളിൽ 50-ൽ അധികം പേർക്ക് പരിക്കേറ്റിരുന്നു.
ശേഷിക്കുന്ന 13 ബന്ദികളുടെ മൃതദേഹം കൈമാറാൻ ഹമാസ് വൈകിക്കുന്നു എന്ന കാരണമാണ് നെതന്യാഹു പുതിയ ആക്രമണത്തിന് ന്യായീകരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ, തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൃതദേഹങ്ങൾ കണ്ടെത്താനുള്ള യന്ത്രങ്ങളും വിദഗ്ധ സംഘത്തെയും ഗസ്സയിൽ പ്രവേശിക്കുന്നതിൽനിന്ന് ഇസ്രയേൽ തടയുകയാണെന്ന് ഹമാസ് ആരോപിച്ചു.
Israel ceasefire violation kills 90 in Gaza


