വിദ്യാർത്ഥികളുടെ ദാരുണ കൊലപാതക ദൃശ്യങ്ങൾ പ്രചരിക്കുന്നു; മണിപ്പൂരിൽ വീണ്ടും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു


കലാപ ബാധിതമായ മണിപ്പൂരിൽ വീണ്ടും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ച് സംസ്ഥാന സർക്കാർ. കാണാതായ രണ്ട് വിദ്യാർത്ഥികളുടെ ദാരുണമായ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഇൻറർനെറ്റിൽ പ്രചരിച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ നിരോധനം.
മൊബൈൽ ഇന്റർനെറ്റ് ഡാറ്റ സേവനങ്ങളുടെ താൽക്കാലിക നിയന്ത്രണം ഒക്ടോബർ ഒന്നിന് വൈകിട്ട് 7:45 വരെ അഞ്ച് ദിവസത്തേക്ക് തുടരുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ” സംസ്ഥനത്തെ നിലവിലുള്ള ക്രമസമാധാന നില കണക്കിലെടുത്ത്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും കിംവദന്തികളും മറ്റ് തരത്തിലുള്ള അക്രമ പ്രവർത്തനങ്ങളും പ്രചരിക്കുന്നത് സംസ്ഥാന സർക്കാർ അതീവ ജാഗ്രതയോടെയാണ് കാണുന്നത്.
അതുകൊണ്ടുതന്നെ ഇന്റർനെറ്റ്/ഡാറ്റ സേവനങ്ങളുടെ താൽക്കാലിക സസ്പെൻഷൻ/നിയന്ത്രണം ഒക്ടോബർ ഒന്നിന് വൈകിട്ട് 7:45 വരെ അഞ്ച് ദിവസത്തേക്ക് തുടരും”- സർക്കാർ ഉത്തരവിൽ പറയുന്നു. ജൂലൈ ആറ് മുതല്‍ കാണാതായ രണ്ട് മണിപ്പൂരി വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇവര്‍ കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവുമുളള ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്.
ഒരു ചിത്രത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പുല്‍മേട്ടില്‍ ഇരിക്കുന്നതായും അവര്‍ക്ക് പിന്നില്‍ ആയുധധാരികളായ രണ്ട് പേര്‍ നില്‍ക്കുന്നതായുമാണ് കാണുന്നത്. അടുത്ത ചിത്രത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങൾ ദൃശ്യമായിരിന്നു. ഫിജാം ഹേംജിത്ത് (20 ), ഹിജാം ലിന്തോയിംബി (17) എന്നീ രണ്ട് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.
ഇവരുടെ ചിത്രങ്ങള്‍ നെറ്റിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ എത്രയും വേഗത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.