കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

single-img
5 January 2024

സോമാലിയൻ തീരത്തിനുസമീപം കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ എംവി ലില നോര്‍ഫോള്‍ക്കിലെ എല്ലാ യാത്രക്കാരെയും മോചിപ്പിച്ചു. 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ഇന്ത്യന്‍ നാവികസേന അറിയിക്കുകയായിരുന്നു . ഇന്ത്യന്‍ നാവികസേനയുടെ ശക്തമായ മുന്നറിയിപ്പോടെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം ഉപേക്ഷിച്ചിരിക്കാമെന്ന് നാവികസേന പ്രസ്താവനയില്‍ പറയുന്നു. ലൈബീരിയന്‍ കപ്പലായ ചരക്ക് കപ്പലായ എംവി ലില നോര്‍ഫോള്‍ക്ക് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ നാവികസേന ആരംഭിച്ചിരുന്നു.

അറബിക്കടലില്‍ നിന്ന് തട്ടിയെടുത്ത കപ്പലിലേക്ക് ഇന്ത്യന്‍ നാവികസേനയുടെ എലൈറ്റ് കമാന്‍ഡോകളായ മാര്‍കോസ് പ്രവേശിച്ചതായും നാവികസേന അറിയിച്ചിരുന്നു. തന്ത്രപ്രധാനമായ ജലപാതകളിലെ വിവിധ കപ്പലുകളുടെ ചലനങ്ങൾ നിരീക്ഷിക്കുന്ന ബ്രിട്ടീഷ് സൈനിക സംഘടനയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) ആണ് ഹൈജാക്കിംഗ് റിപ്പോർട്ട് ചെയ്തത്.

നാവികസേന യുദ്ധക്കപ്പലായ ഐ എന്‍ എസ് ചെന്നൈ മുഖാന്തരമാണ് റാഞ്ചിയ കപ്പലില്‍ നാവികസേന ഉദ്യോഗസ്ഥര്‍ ഇറങ്ങിയത്. മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, പ്രിഡേറ്റര്‍ എംക്യു9ബി, ഇന്റഗ്രല്‍ ഹെലോസ് എന്നിവ ഉപയോഗിച്ച് എംവി ലില നോര്‍ഫോള്‍ക്കിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും നാവിക സേന അറിയിച്ചു. ഇന്ത്യന്‍ ജീവനക്കാരുമായി സഞ്ചരിച്ച കപ്പല്‍ റാഞ്ചിയതിന് ഉടനടിതന്നെ മറുപടി നല്‍കിയതായി നാവികസേന വ്യക്തമാക്കിയിരുന്നു.ഇതോടൊപ്പം സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനായി തല്‍വാര്‍-ക്ലാസ് ഫ്രിഗേറ്റ്‌സും മിസൈല്‍ ബോട്ടുകളും നാല് ഡിസ്‌ട്രോയറുകളായ ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് മൊര്‍മുഗാവോ, ഐഎന്‍എസ് ചെന്നൈ എന്നിവയും അറബി കടലില്‍ വിന്യസിച്ചിട്ടുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സായുധകാരികളായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് കപ്പല്‍ റാഞ്ചിയത്. ബ്രസീലിലെ പോര്‍ട്ട് ഡു അകോയില്‍ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിന്‍ സല്‍മാനിലേക്ക് പോകുന്നതിനിടെയാണ് സെമാലിയയില്‍ നിന്നും 300 നോട്ടിക്കല്‍ മൈല്‍ കിഴക്ക് നിന്ന് കപ്പല്‍ റാഞ്ചിയത്. വിവരം അറിഞ്ഞയുടനെ ഐഎന്‍എസ് ചെന്നൈയെ വഴിതിരിച്ചുവിടുകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷിക്കാന്‍ സജ്ജമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ 15 ഇന്ത്യക്കാര്‍ സഞ്ചരിച്ച കപ്പലിനെ റാഞ്ചിയ കടല്‍ക്കൊള്ളക്കാരെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല.