കോട്ടയത്ത് കലാശക്കൊട്ടിലും ആള്‍ക്കൂട്ടം കുറഞ്ഞു; ആശങ്കയിൽ യുഡിഎഫ് ; മുന്നണി യോഗത്തില്‍ തര്‍ക്കം

single-img
25 April 2024

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടം മുതൽ കോട്ടയം മണ്ഡലത്തിൽ യുഡിഎഫിനെ ഉലച്ച ആശങ്ക കലാശക്കൊട്ടിലും പ്രകടമായി. പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തില്‍ ആള്‍ക്കൂട്ടം കുറവായതോടെ തട്ടിക്കൂട്ട് കലാശക്കൊട്ടായി മാറിയത് മുന്നണിയിൽ വലിയ ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിതെളിച്ചു.

കോട്ടയത്തും വിവിധ നിയോജകമണ്ഡല ആസ്ഥാനങ്ങളിലുമാണ് യുഡിഎഫ് ആഘോഷമായ കലാശക്കൊട്ട് ലക്ഷ്യമിട്ടിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞതോടെ പരിപാടി വെറും വഴിപാടായത് മുന്നണിക്കും നാണക്കെടായി. കോൺഗ്രസും കേരളാ കോൺഗ്രസും പരസ്പരം പോരടിക്കുന്ന നിലയിലേക്ക് ആളില്ലാ പരിപാടി വഴിതെളിച്ചു.
വൈക്കത്ത് കലാശക്കൊട്ട് നടന്നെന്നുപോലും പറയാനാവാത്ത സ്ഥിതിയിലായിരുന്നു കാര്യങ്ങൾ. കടുത്തുരുത്തിയിൽ പിടിച്ചുനിന്നെങ്കിലും പാലായിൽ അംഗബലം ഇരുനൂറുകടത്താൻ യുഡിഎഫിന് കഴിഞ്ഞില്ല.

കൊട്ടിക്കലാശത്തിനു കേരളാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യത്തിന് പ്രവര്‍ത്തകരെ കൊണ്ടുവരാന്‍ തയ്യാറാകാതിരുന്നതിനെചൊല്ലി യു ഡി എഫ് ജില്ലാ നേതൃയോഗത്തില്‍ ശക്തമായ വാക്പോര് നടന്നു. യോഗത്തില്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. നേതൃയോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളാണ് ജോസഫ് ഗ്രൂപ്പിനെതിരെ തിരിഞ്ഞത്.

പാലായിലും കടുത്തുരുത്തിയിലും പിറവത്തും 100 പേരെ വീതം ഇറക്കാന്‍പോലും നിങ്ങള്‍ക്ക് സംവിധാനം ഇല്ലേ എന്നായിരുന്നു മുതിര്‍ന്ന നേതാവിന്‍റെ ചോദ്യം. എല്ലാം കോണ്‍ഗ്രസിനെ ഏല്‍പ്പിച്ച് കൈയ്യും കെട്ടിയിരുന്ന് കാര്യം കാണാം എന്ന് വിചാരിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ നൂറുശതമാനം ഫണ്ട് വിനിയോഗിച്ചുവെന്നത് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പകൽപോലെ സത്യമാണെന്നിരിക്കെ അവസാന ഘട്ടത്തില്‍ ഇത് വ്യാജമാണെന്ന് പ്രസ്താവന നടത്തിയത് ഗുണമാണോ ദോഷമാണോ ചെയ്യുകയെന്ന് ആലോചിക്കണമെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു .

മുന്നണി ജില്ലാ ചെയർമാന്റെ രാജിയടക്കം ഉയർത്തിയ പ്രതിസന്ധികളെ മറികടക്കാനും യുഡിഎഫിന് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉണ്ടായി. എൻഡിഎ പാളയത്തിലെത്തിയ സജി മഞ്ഞക്കടമ്പൻ ജോസഫ് വിഭാഗത്തിലെ ചില വ്യക്തികളുടെ മോൽക്കോയ്മയെക്കെതിരെ ശക്തമായ നിലപാടെടുത്തതിനേയും മറികടക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല.

പി.സി തോമസ് കെ.എം മാണിയുടെ വീട്ടിൽ നടത്തിയ സന്ദർശനത്തിനപ്പുറം പ്രചരണരംഗത്ത് സജീവ സാന്നിധ്യവുമായില്ലെന്നതും തിരിച്ചടിയായി. പിജെ ജോസഫും ടി യു കുരുവിള, തോമസ് ഉണ്ണിയാടന്‍ അടക്കമുള്ള ജോസഫ് വിഭാഗം നേതാക്കളും പ്രചാരണ രംഗത്ത് സജീവമായിരുന്നില്ല. യുഡിഎഫ് സ്ഥാനാർത്ഥി നടത്തിയിട്ടുള്ള രാഷ്ട്രീയ മലക്കം മറിച്ചിലുകൾ ഇനിയും തുടരുമെന്ന് കോൺഗ്രസ് പ്രവർത്തകർതന്നെ പലയിടത്തും പ്രചരിപ്പിച്ചുവെന്ന് പറഞ്ഞായിരുന്നു ജോസഫ് വിഭാഗം ഇതിന് മറുപടി പറഞ്ഞത്.

ഉറച്ച രാഷ്ട്രീയ നിലപാട് പുലർത്തുകയും ഒരേ ചിഹ്നത്തിൽ മത്സരിക്കുകയും ചെയ്തിട്ടുള്ള തോമസ് ചാഴികാടനാവും ഇന്ത്യമുന്നണിയുടെ ഐക്യം കാത്തുസൂക്ഷിക്കുകയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ മറുപടി. മത്സരത്തിന്റെ ആദ്യംഘട്ടം മുതല്‍ തന്നെ യുഡിഎഫ് ക്യാമ്പില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത പ്രകടമായിരുന്നു .