ഞാൻ എന്റെ മനസാക്ഷിക്കനുസരിച്ചാണ് വോട്ട് ചെയ്യുക: കെ സുധാകരൻ

single-img
5 October 2022

കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ താൻ തന്റെ മനസാക്ഷിക്കനുസരിച്ചാണ് വോട്ട് ചെയ്യുക എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എന്നാൽ രമേശ് ചെന്നിത്തല ഖാർഗെക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

സംഘടനയിൽ ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ പലതരത്തിലുള്ള വാശികളും ബന്ധങ്ങളും ഉപയോഗപ്പെടുത്തുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്യും. അതിന്റെപേരിൽ വിമര്‍ശിക്കാനില്ലെന്നും സുധാകരൻ പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഹൈക്കമാന്റിന്റെ കൃത്യമായ നിര്‍ദേശമുണ്ട്. അതിൽ ഒന്ന് സംഘടനയുടെ ഏതെങ്കിലും ഭാരവാഹിത്വത്തിലുള്ളവർ പ്രചാരണത്തിന് നേതൃത്വം നൽകരുതെന്ന്.

പക്ഷെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ ആദ്യ പ്രതികരണ‍ം നടത്തിയതിന് രണ്ടര മണിക്കൂര്‍ ശേഷമാണ് ഹൈക്കമാന്റ് തീരുമാനം വരുന്നതെന്ന് സുധാകരൻ പറഞ്ഞു. അതേസമയം, കേരളത്തിൽ നിന്നുള്ള നേതാക്കൾ പിന്തുണയ്ക്കുന്നില്ലെന്ന ശശി തരൂർ പറഞ്ഞത് അദ്ദേഹത്തിന്റെ വാസ്തവം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം ഉള്ളുതുറന്ന് അത് പറഞ്ഞെന്നും സുധാകരൻ കൂട്ടിച്ചേർത്തു.