കോൺ​ഗ്രസ് എനിക്ക് വേണ്ടി തിരക്കിട്ട് ശവക്കുഴി തോണ്ടുമ്പോൾ ഞാൻ ഹൈവേ നിർമ്മിക്കുന്ന തിരക്കിലാണ്: പ്രധാനമന്ത്രി

single-img
12 March 2023

പ്രതിപക്ഷമായ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺ​ഗ്രസ് തനിക്കായി തിരക്കിട്ട് ശവക്കുഴി തോണ്ടുമ്പോൾ താൻ ഹൈവേ നിർമ്മിക്കുന്ന തിരക്കിലാണെന്നും തനിക്ക് രാജ്യത്തെ അമ്മമാരുടേയും സഹോദരിമാരുടേയും ജനങ്ങളുടേയും ആശീർവാദമുണ്ടെന്ന കാര്യം അവർ അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ ഇന്ന് ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ വിമർശനം. പ്രധാനമന്ത്രിയുടെ വാക്കുകൾ: ‘എനിക്ക് വേണ്ടി കോണ്‍ഗ്രസ് തിരക്കിട്ട് ശവക്കുഴി തോണ്ടുമ്പോള്‍ ഞാൻ ബെംഗളൂരു-മൈസൂരു ഹൈവേ നിര്‍മിക്കുന്നതിന്റെ തിരക്കിലാണ്.

പാവപ്പെട്ടവരുടെ ജീവിതം ആയാസരഹിതമാക്കുന്നതിന്റെ തിരക്കിലാണ് ഞാൻ. എന്റെ ശവക്കുഴിയെക്കുറിച്ച് സ്വപ്‌നം കാണുന്ന കോണ്‍ഗ്രസ് അറിയുന്നില്ല എനിക്ക് രക്ഷാകവചമായി രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ജനങ്ങളുടെയും ആശീര്‍വാദം ഉണ്ടെന്ന കാര്യം,’ മോദി പറഞ്ഞു.

അതേസമയം, പുതിയ പാത തുറന്നതോടെ ബെംഗളുരു- മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും. ഒന്നിലധികം പദ്ധതികളുടെ ശിലാസ്ഥാപനത്തിനും ബെം​ഗളൂരു-മൈസൂരു ദേശീയപാതയുടെ ഉദ്ഘാടനത്തിനുമായാണ് മോദി കർണാടകയിൽ എത്തിയത്. മാണ്ഡ്യ, ഹുബ്ബളളി-ധർവാഡ് ജില്ലകളിലായി ഏകദേശം പതിനാറായിരം കോടി രൂപയുടെ പദ്ധതികളുടെ ശിലാസ്ഥാപനമാണ് മോദി നിർവഹിച്ചത്.