ഭാര്യയുടെ ആണ്‍ സുഹൃത്തിന്റെ കുത്തേറ്റ് ഭര്‍ത്താവിന് ദാരുണാന്ത്യം

single-img
28 August 2022

മുംബൈ: ഭാര്യയുടെ ആണ്‍ സുഹൃത്തിന്റെ കുത്തേറ്റ് ഭര്‍ത്താവിന് ദാരുണാന്ത്യം. താനെയ്ക്ക് സമീപം സാന്താക്രൂസിലാണ് സംഭവം.

പര്‍വേശ് ശൈഖ് (41) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷാജഹാന്റെ സുഹൃത്തായ അഖീല്‍ സയ്യദ് (40) ആണ് കൃത്യത്തിന് പിന്നില്‍.

ഭാര്യയുമായി ബന്ധം തുടര്‍ന്നു പോകുന്നതിനെക്കുറിച്ച്‌ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അഖീല്‍ സയ്യദിനെ പര്‍വേശ് ശൈഖ് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീടുണ്ടായ തര്‍ക്കത്തില്‍ അഖീല്‍, പര്‍വേശിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് അഖീല്‍ സയ്യദിനെ വാകോല പൊലീസ് അറസ്റ്റ് ചെയ്തു.

അഖീല്‍ എന്നയാള്‍ പര്‍വേശിന്റെ ഭാര്യ ഷാജഹാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പര്‍വേശ് ശൈഖ് അഖീലിനെ വിളിച്ചു വരുത്തിയ സമയത്ത് പര്‍വേശ് കൈയില്‍ ഒരു കത്തിയും കരുതിയിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ഇയാളുടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ അഖീല്‍ പര്‍വേശിനെ കുത്തുകയായിരുന്നു.

കോളജ് കാലത്ത് അഖീലുമായി പര്‍വേശിന്റെ ഭാര്യ ഷാജഹാന് ബന്ധമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് അവസാനിപ്പിച്ച്‌ പര്‍വേശുമായി വിവാഹിതയായി. വിവാഹം കഴിഞ്ഞ ശേഷം ഇയാള്‍ ഷാജഹാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും കൂടിക്കാഴ്ച നടത്താന്‍ നിരന്തരം നിര്‍ബന്ധിക്കാറുണ്ടെന്നും പര്‍വേശ് മനസിലാക്കിയിരുന്നു. തുടര്‍ന്ന് പര്‍വേശിന്റെ നിര്‍ബന്ധപ്രകാരം ഭാര്യ ഷാജഹാന്‍ അഖീലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പര്‍വേശ് താനെയിലെ റബോഡിയില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യയും രണ്ടു കുട്ടികള്‍ക്കും ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. സൗന്ദര്യ വര്‍ധക വസ്തുക്കളും ആഭരണങ്ങളും വിറ്റായിരുന്നു ഇയാള്‍ ഉപജീവനം നടത്തിയിരുന്നത്. അതിനിടെ, അഖീലുമായുള്ള ബന്ധം ഷാജഹാന്‍ തുടരുന്ന കാര്യം പര്‍വേശ് കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് അഖീലിനെ പര്‍വേശ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്.