ഭാഷയല്ല, മനുഷ്യത്വമാണ് രാഷ്ട്രീയത്തിന്റെ മാനദണ്ഡം; എഎ റഹിമിന് പിന്തുണയുമായി യുവമോർച്ചാ നേതാവ്

ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി.യുടെ ഇംഗ്ലീഷ് സംസാരത്തെ പരിഹസിക്കുന്നവർക്കെതിരെ യുവമോർച്ചാ സംസ്ഥാന സെക്രട്ടറി കടുത്ത ഭാഷയിൽ പ്രതികരിച്ചു. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ ആവശ്യമായത് ഭാഷാ നൈപുണ്യമല്ല, മറിച്ച് മനുഷ്യത്വപരമായ മനസ്സും ശക്തമായ ഇച്ഛാശക്തിയുമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
ബെംഗളൂരുവിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ റഹീം ഇംഗ്ലീഷിൽ നൽകിയ അഭിമുഖമാണ് ട്രോളുകൾക്ക് ഇടയായത്. എന്നാൽ ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് പകരം, റഹീമിന് പിന്തുണ നൽകുന്ന നിലപാടാണ് യുവമോർച്ചാ നേതാവ് സ്വീകരിച്ചത്. ഭരണത്തിനോ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കോ അമിതമായ ഭാഷാപാണ്ഡിത്യം ആവശ്യമില്ലെന്നും, ഇംഗ്ലീഷിൽ സംസാരിച്ചതിനെച്ചൊല്ലി നടക്കുന്ന പരിഹാസങ്ങൾ ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തർക്കും അവരുടെ പരിമിതികൾ ഉണ്ടാകാം, പക്ഷേ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളാനുള്ള മനസ്സാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകത്തിലെ കോൺഗ്രസ് സർക്കാർ നടത്തിയ ‘ബുൾഡോസർ വേട്ട’യും അതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പുലർത്തുന്ന മൗനവും പോലുള്ള ഗൗരവമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം ഭാഷയെച്ചൊല്ലി പരിഹസിക്കുന്നത് ശ്രദ്ധ തിരിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും യുവമോർച്ചാ നേതാവ് വിമർശിച്ചു.
അതേസമയം, തനിക്കെതിരെ ഉയർന്ന ട്രോളുകളോടും പരിഹാസങ്ങളോടും എ.എ. റഹീം എം.പി. പക്വതയോടെയാണ് പ്രതികരിച്ചത്. തെറ്റുകളിൽ നിന്ന് പഠിച്ചും നിരന്തര പരിശ്രമത്തിലൂടെയും മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, ഭാഷാ പരിമിതികൾ ജനകീയ വിഷയങ്ങളിൽ ശബ്ദമുയർത്തുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


