യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

single-img
11 October 2022

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.

വിഷയത്തില്‍ 15 ദിവസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനാണു നിര്‍ദേശം നല്‍കിയത്.

ആരാണ് വീഴ്ചയ്ക്കു കാരണം, ഉണ്ടെങ്കില്‍ ഉത്തരവാദി ആരാണ്, എന്താണ് സംഭവിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് നല്‍കേണ്ടത്. ഒക്ടോബര്‍ 28ന് മനുഷ്യാവകാശ കമ്മീഷന്‍ കോഴിക്കോടു വച്ച്‌ ചേരുന്ന സിറ്റിങ്ങില്‍ ഈ കേസ് പരിഗണിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പന്തീരാങ്കാവ് മലയില്‍ക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹര്‍ഷിനയ്ക്ക് 2017 നവംബര്‍ 30നായിരുന്നു മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവ ശസ്തക്രിയ നടത്തിയത്. ഇതിനു ശേഷം ഹര്‍ഷിനയ്ക്ക് അവശതയും വേദനയും ഉണ്ടായി. പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാന്‍ പരിശോധനയില്‍ കത്രിക കണ്ടെത്തിയത്.

തുടര്‍ന്നു സെപ്റ്റംബര്‍ 14ന് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സ തേടി. 17ന് കത്രിക പുറത്തെടുക്കുകയും ചെയ്തു. 12 സെന്റീമീറ്റര്‍ നീളവും 6 സെന്റീമീറ്റര്‍ വീതിയുമുള്ള കത്രിക കാലക്രമേണ മൂത്രസഞ്ചിയില്‍ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.