കീടനാശിനിയുടെ സാന്നിധ്യം; ശബരിമലയിലെ അരവണ വിതരണം തടഞ്ഞു ഹൈക്കോടതി

single-img
11 January 2023

ശബരിമലയിൽ ഭക്തർക്ക് അരവണ പായസം വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അരവണ ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുന്ന ഏലയ്ക്ക‍യിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണു നടപടി.

അടിയന്തിരമായി സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫിസർ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉടൻ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. നിലവിൽ ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നിലവിൽ സ്റ്റോക്ക് ഉള്ള അരവണപ്പായസം വിതരണം ചെയ്യാനാകില്ല. അടുത്തുതന്നെ മകര വിളക്കിന്റെ ദിവസങ്ങളായതിനാൽ ഒരു കോടിയിലധികം പായ്ക്കറ്റ് അരവണ വില്പനയ്ക്കു സജ്ജമായിരുന്നു.

ഒരു പായ്ക്കറ്റ് അരവണയ്ക്ക് നൂറു രൂപയാണു വില. ഇതുവഴി ബോർഡിന് 100 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് കരുതുന്നു. കീടനാശിനി കണ്ടെത്തിയതിനാൽ ഇത്തരം അരവണയുടെ സാംപിൾ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ, അത് ലഭ്യമല്ലെങ്കിൽ ഏലയ്ക്ക് ഇല്ലാതെയോ അരവണ നിർമിക്കാം. ഇക്കാര്യത്തിൽ സ്പൈസസ് ബോർഡുമായി കൂടിയാലോചന നടത്താമെന്നും കോടതി വ്യക്തമാക്കി.

ഇതോടൊപ്പം തന്നെ തീർഥാടകരുടെ താൽപര്യത്തിനാണ് മുഖ്യ പരിഗണനയെന്ന് വ്യക്തമാക്കിയ കോടതി, ഭക്ഷ്യയോഗ്യമല്ലാത്ത എലയ്ക്ക ഉപയോഗിക്കുന്നത് ചെറിയ വിഷയമല്ലെന്നും നിലപാടെടുത്തു. ശബരിമലയിൽ അരവണ പായസത്തിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലാത്തതാണെന്നു ഭക്ഷ്യസുരക്ഷാ അതോറിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.