കനത്ത മഴയില്‍ തെക്കന്‍ കര്‍ണാടകയിലെ താഴ്ന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കം

single-img
30 August 2022

മൈസൂരു: കനത്ത മഴയില്‍ തെക്കന്‍ കര്‍ണാടകയിലെ താഴ്ന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കം. രാമനഗരിയില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ബെംഗ്ലൂരു മൈസൂരു ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു.

കെഎസ്‌ആര്‍ടി ബസ്സുകള്‍ അടക്കം മണിക്കൂറുകളോളം കുടുങ്ങി. 19 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ മേഖലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

രാമനഗര ,ബിഡദി,കെങ്കേരി തുടങ്ങിയ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷം . എക്സ്പ്രസ് ഹൈവേയുടെ സര്‍വ്വീസ് റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങി. ബസ്സുകള്‍ ഉള്‍പ്പെടെ വെള്ളക്കെട്ടില്‍ കുടുങ്ങി .യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത് . മുപ്പത് കിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങള്‍ കുടുങ്ങി കിടന്നു .കേരളത്തില്‍ നിന്നുള്ള കെഎസ്‌ആര്‍ടിസി ബസ്സുകളും രാമനഗരയില്‍ മണിക്കൂറുകളോളം കുടുങ്ങി. മൈസൂരുവിലേക്കുള്ള ഗതാഗതം കനകപുര വഴി തിരിച്ച്‌ വിട്ടിരിക്കുകയാണ്.

കനത്ത മഴക്കൊപ്പം തടാകങ്ങള്‍ കര കവിഞ്ഞതുമാണ് കെടുതി രൂക്ഷമാക്കിയത്.മൈസൂരു ,മാണ്ഡ്യ ,തുംകുരു മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. എക്സ്പ്രസ് ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് വെള്ളം ഒഴുകി പോകാന്‍ തടസ്സം അനുഭവപ്പെടുന്നതും വെള്ളക്കെട്ടിന് കാരണമായി. രണ്ട് ദിവസം കൂടി തെക്കന്‍ കര്‍ണാടകയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.