കനത്ത മഴ ; ബാംഗ്ളൂർ നഗരത്തിൽ വൻ നാശനഷ്ടം

single-img
20 October 2022

ബെംഗളൂരു: ബുധനാഴ്ച പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം ആകെ വെള്ളത്തിനടിയിലായി. നഗരത്തിന്റെ കിഴക്ക്, തെക്ക്, മധ്യ ഭാഗങ്ങളിലും ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും വെള്ളം കയറി.

പല റോഡുകളും വെള്ളത്തിലായി. വാഹനങ്ങളും വീടുകളും വെള്ളത്തിലായി.

നഗരത്തിന്റെ വടക്കുള്ള രാജമഹല്‍ ഗുട്ടഹള്ളിയില്‍ 59 മില്ലീമീറ്റര്‍ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്നു ദിവസത്തേക്ക് ബെംഗളൂരു നഗരത്തില്‍ കനത്ത മഴ പെയ്യാനാണ് സാധ്യത. ഇത് മുന്‍ നിര്‍ത്തി നഗരത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എച്ച്‌എഎല്‍ എയര്‍പോര്‍ട്ട്, മഹാദേവപുര, ദൊഡ്ഡനെകുണ്ടി, സീഗേഹള്ളി തുടങ്ങിയ നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ 60-80 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മിക്കയിടത്തും രാത്രി 8 മണിക്കും അര്‍ധരാത്രിക്കും ഇടയിലാണ് കനത്ത മഴ പെയ്തതെന്നും കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. റോഡുകള്‍ വെള്ളത്തിനടിയിലായതിന്റെയും മാന്‍ഹോളുകളിലേക്കും ബേസ്‌മെന്റ് പാര്‍ക്കിങ്ങുകളിലേക്കും വെള്ളം ഒഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപ്രതീക്ഷിതമായി വെള്ളം എത്തിയതോടെ നിരവധിപ്പേരുടെ വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്.