ആംബുലൻസ് വൈകിപ്പിച്ച് രോഗി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ ആരോഗ്യ വകുപ്പ് അന്വേഷണ റിപ്പോർട്ട്

single-img
12 July 2023

എറണാകുളം പറവൂർ താലൂക്ക് ആശുപത്രിയിൽ പണം മുൻകൂറായി നൽകാത്തതിൽ ഡ്രൈവർ ആംബുലൻസ് എടുക്കാൻ തയ്യാറായില്ലെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി. ആശുപത്രി സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ആംബുലൻസ് ഡ്രൈവർ സമയനഷ്ടം വരുത്തിയെന്നാണ് കുറ്റപ്പെടുത്തൽ.

ആംബുലൻസ് ഡ്രൈവർ അര മണിക്കൂർ സമയം രോഗിയെ ജനറൽ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ ആശുപത്രി ജീവനക്കാരിൽ നിന്നും വിവരങ്ങൾ തേടിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും ആംബുലൻസ് ഡ്രൈവറോട് വിശദീകരണം തേടിയെന്നും ആശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, മരിച്ച അസ്മയുടെ കുടുംബാംഗങ്ങളുടെ ആരോപണങ്ങൾ ആംബുലൻസ് ഡ്രൈവർ ആന്റണി നിഷേധിച്ചിരുന്നു. ഡ്രൈവർക്കെതിരെ അസ്മയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. 200 രൂപയുടെ കുറവിലാണ് അരമണിക്കൂറോളം ആംബുലൻസ് എടുക്കാതെ വൈകിപ്പിച്ചത്. ചിറ്റാട്ടുകര സ്വദേശി അസ്മയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ പറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചതിന് ശേഷമാണ് ഈ ഗുരുതര കൃത്യവിലോപം നടന്നത്.

ആംബുലൻസ് ഫീസായി 900 രൂപ ഡ്രൈവർ ആന്റണി ആവശ്യപ്പെട്ടെന്നും 700രൂപ നൽകിയപ്പോഴും ബാക്കിയുള്ള 200രൂപ കൂടി കിട്ടാതെ ഡ്രൈവർ വണ്ടിയെടുക്കില്ലെന്ന് നിർബന്ധം പിടിച്ചുവെന്നാണ് അസ്മയുടെ മക്കളുടെ പരാതി. സമയം വൈകി ജനറൽ ആശുപത്രിയിൽ എത്തിച്ചയുടൻ അസ്മ മരിച്ചു.