പുതിയ ചരിത്രമെഴുതി ഇന്ത്യൻ ആർമി; ആകെ ഉള്ള വനിതാ ഓഫീസർമാരിൽ പകുതിയിലധികം പേരും ഫീൽഡ് യൂണിറ്റുകളിൽ കമാൻഡിങ് പോസ്റ്റുകളിൽ

single-img
24 April 2023

കേണൽ റാങ്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 55 ശതമാനം വനിതാ ഓഫിസര്മാരും നിലവിൽ ഫീൽഡ് മേഖലകളിൽ വിന്യസിച്ചിരിക്കുന്ന കമാൻഡിംഗ് യൂണിറ്റുകളിലാണ് എന്ന് ആർമി. ഇതിൽ പകുതിയും ജമ്മു & കശ്മീരും വടക്ക് കിഴക്കും ഉൾക്കൊള്ളുന്ന വടക്കൻ, കിഴക്കൻ കമാൻഡുകളിലാണ്. ഇത് ആദ്യമായിട്ടാണ് ഇത്രയധികം വനിതാ ഓഫിസേഴ്‌സിനെ ഫീൽഡിൽ പ്രവർത്തന മേഖലകളിൽ വിന്യസിക്കുന്നത്.

1992 മുതൽ 2006 വരെയുള്ള ബാച്ചുകളിലെ 244 പേരിൽ 108 വനിതാ ഓഫീസർമാരെ ജനുവരിയിൽ പ്രത്യേക സെലക്ഷൻ ബോർഡ് കേണൽ റാങ്കിലേക്ക് തിരഞ്ഞെടുത്തു. അവരെല്ലാം രാജ്യത്തുടനീളമുള്ള വിവിധ സൈനിക യൂണിറ്റുകളിൽ കമാൻഡ് റോളുകൾ ഏറ്റെടുത്തു എന്നും ആർമി വ്യക്തമാക്കി.

ഇത് കൂടാതെ ഓപ്പറേഷൻ, ഇന്റലിജൻസ്, ലോജിസ്റ്റിക്‌സ്, അഡ്മിനിസ്‌ട്രേറ്റീവ് വശങ്ങൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും വനിതാ ഓഫീസർമാരെ സജ്ജമാക്കുന്നതിന് പ്രത്യേക സീനിയർ കമാൻഡ് കോഴ്‌സ് സംഘടിപ്പിച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഡിഫൻസ് സർവീസസ് സ്റ്റാഫ് കോഴ്‌സ് (ഡിഎസ്എസ്‌സി) / എംടെക്, തത്തുല്യമായ കോഴ്‌സുകൾ എന്നിവയ്ക്കായി വനിതാ ഓഫീസർമാരുടെ എണ്ണം വർധിച്ചുവരികയാണ്. ഈ വർഷം നാല് വനിതാ ഓഫീസർമാർ അഭിമാനകരമായ DSSC പരീക്ഷ പാസായി, ഇത് കമാൻഡ് നിയമനങ്ങൾക്ക് അവരെ പ്രാപ്തരാക്കും എന്നും ഈ ഉദ്യോഗസ്ഥൻ പറഞ്ഞു.

അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി 40 ഓളം വനിതാ ഓഫീസർമാരെ കൂടി കേണൽ പദവിയിലേക്ക് ക്ലിയർ ചെയ്യാൻ ഒരുങ്ങുകയാണ് ആർമി.