കോൺഗ്രസിന്റെ ജനസമ്പർക്ക പരിപാടി; ‘ഹാഥ് സേ ഹാഥ്’ ജോഡോ അഭിയാന്‍ നാളെ മുതല്‍

single-img
25 January 2023

രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്രയുടെ വിജയത്തിന്റെ തുടര്‍ച്ചയായി എഐസിസി ആഹ്വാന പ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ ജനസമ്പര്‍ക്ക പരിപാടിക്ക് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകുമെന്ന് എഐസിസി വക്താവും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയുമായ നെറ്റ ഡിസൂസ.

ഇന്ന് കേരളത്തിലെ കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു നെറ്റ ഡിസൂസ. രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിന്റെ ഭാഗമായി രണ്ടു മാസമായി നടത്തുന്ന ക്യാമ്പയിന്‍ മുന്ന് ഘട്ടങ്ങളായിട്ടായിരിക്കും സംഘടിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി ബ്ലോക്ക് തലത്തില്‍ പദയാത്രകളും ജില്ലാതല പ്രവര്‍ത്തന കണ്‍വെന്‍ഷനുകളും സംസ്ഥാനതല റാലികളും സംഘടിപ്പിക്കും. കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല മഹിളാ മാര്‍ച്ചുകളും സംഘടിപ്പിക്കും.

കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹ ഭരണം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയാണ് ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ ക്യാമ്പയിന്റെ ലക്ഷ്യം. പെട്രോളിയം ഉത്പന്നങ്ങളുടെ മേല്‍ അധികനികുതി ചുമത്തി മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. നികുതി ഭീകരതയാണ് രാജ്യത്ത്. മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും പാല്‍ ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നത് അവയുടെ വില വര്‍ദ്ധിക്കാന്‍ ഇടയാക്കി. എന്തിന് ശ്മശാനങ്ങള്‍ക്കും പോലും ജിഎസ്ടി ഈടാക്കുന്ന മനുഷ്യത്വരഹിത സമീപനമാണ് മോദീ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും നെറ്റ ഡിസൂസ ആരോപിച്ചു.