കണ്ണൂരിൽ ലോക്സഭാ സീറ്റിനായി അവകാശമുന്നയിച്ച് എ ​ഗ്രൂപ്പ്

single-img
16 November 2023

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ അട്ടിമറി വിജയം നേടിയ പിന്നാലെ ലോക്സഭാ സീറ്റിനായി അവകാശവാദമുന്നയിച്ച് എ ഗ്രൂപ്പ് രംഗത്ത് വന്നു . ലോക്സഭാ തിരഞ്ഞെടുപ്പിൽ കെപിസിസി അംഗവും ഡിസിസി വൈസ് പ്രസിഡന്റുമായ മുഹമ്മദ് ബ്ലാത്തൂരിനെ സ്ഥാനാർത്ഥിയാക്കണമെന്ന് എ ​ഗ്രൂപ്പ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ .

കണ്ണൂർ സീറ്റിൽ അവകാശം ഉന്നയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനേയും പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും നേരിൽ കാണാനാണ് എ ഗ്രൂപ്പ് തീരുമാനം. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ആവശ്യം നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കും.

എം എം ഹസനും ബെന്നി ബെഹനാനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ജില്ലയിലെ എ ഗ്രൂപ്പിന്റെ ആവശ്യത്തിന് പിന്തുണ നൽകിയിട്ടുണ്ടെന്നാണ് വിവരം. നിലവിൽ ആലപ്പുഴയും കണ്ണൂരുമൊഴികെ മറ്റെല്ലായിടത്തും സ്ഥാനാർത്ഥിയെ സംബന്ധിച്ച് യുഡിഎഫിൽ ഏകദേശ ധാരണയായിട്ടുണ്ട്. കണ്ണൂരിൽ കെ സുധാകരൻ മാറിയാൽ കെ ജയന്തിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ആലോചന.