ബോധമില്ലാത്ത ആനയല്ല, കഴിവ് കെട്ട സര്‍ക്കാരാണ് അജീഷിന്റെ മരണത്തില്‍ ഒന്നാം പ്രതി: വിഡി സതീശൻ

single-img
12 February 2024

വയനാട്ടില്‍ കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥൻ മരണപ്പെട്ട സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജില്ലയിലെ ജനങ്ങളുടെ ആശങ്ക മാറ്റുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയെമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബോധമില്ലാത്ത ആനയല്ല, കഴിവ് കേട്ട സര്‍ക്കാര്‍ ആണ് അജീഷിന്റെ മരണത്തില്‍ ഒന്നാം പ്രതിയെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

അതെസമയം, ഗൗരവമുള്ള വിഷയമെങ്കിലും ചര്‍ച്ച ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.വനം വകുപ്പ് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഭരണഘടനാപരമായ ചുമതല വനം വന്യജീവി സംരക്ഷണം ആണ്. പക്ഷെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരാണ്. ഇതിന് രണ്ടിനും ഇടയിലുള്ള അവസ്ഥ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ നിന്നാണ് ആന വന്നത്. റേഡിയോ കോളര്‍ സിഗ്‌നല്‍ എടുക്കാനായില്ലെന്നത് തുടക്കത്തില്‍ പ്രശ്‌നം ആയിരുന്നു. മൂന്ന് മണിക്കൂര്‍ വൈകിയാണ് സിഗ്‌നല്‍ കിട്ടിയത്. ഒരു സംസ്ഥാനത്തെ ഈ ഘട്ടത്തില്‍ കുറ്റപ്പെടുത്തുന്നില്ല എങ്കിലും വൈകി. ഇത്തരം സംഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കുമെന്നും മന്ത്രി വിശദീകരിച്ചു.