ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി പിളർപ്പിലേക്ക്; 126 പേര്‍ രാജിവെച്ചു
അടുത്തിടെ മൂന്ന് പ്രധാന നേതാക്കളെ പുറത്താക്കിയതിന് പിന്നാലെ ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി പിളർപ്പിലേക്ക് നീങ്ങുന്നു . നേതാക്കളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നേതാക്കളും പ്രവര്‍ത്തകരും അടക്കം 126 പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
കാശ്മീരിൽ താരാ ചന്ദ്, ഭല്‍വന്‍ സിങ്, ഡോ മനോഹര്‍ ലാല്‍ ശര്‍മ്മ എന്നിവരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഈ നേതാക്കള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ആരോപിച്ചു.
സംസ്ഥാനത്തെ ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എംകെ ഭരദ്വാജ്, ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി ജമ്മു ജില്ലാ അദ്ധ്യക്ഷന്‍ വിനോദ് ശര്‍മ്മ എന്നിവരടക്കം 126 പേരാണ് ശനിയാഴ്ച രാജിവെച്ചത്. ഇരുവരും കടുത്ത ആസാദ് അനുയായികളാണ് കണക്കാക്കപ്പെട്ടിരുന്നത്. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട നേതാക്കള്‍ മാധ്യമങ്ങളെ കാണാനെത്തിയപ്പോള്‍ ഭരദ്വാജും വിനോദ് ശര്‍മ്മയും ഒപ്പമുണ്ടായിരുന്നു.
കശ്മീരിലെ കൗര്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ നേതാവാണ് താരാ ചന്ദ്. സംസ്ഥാനമായിരിക്കുമ്പോള്‍ സ്പീക്കറും ഉപമുഖ്യമന്ത്രിയുമായിട്ടുണ്ട്. മനോഹര്‍ ലാല്‍ ശര്‍മ്മ മുന്‍ മന്ത്രിയും ഭല്‍വന്‍ സിങ് എംഎല്‍എയുമായിരുന്നു. താരാ ചന്ദ് പുറത്ത് പോയതോടെ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് വലിയ സ്വാധീമുള്ള ദളിത് മുഖത്തെയാണ്. മറ്റ് രണ്ട് നേതാക്കളും സ്വാധീനമുള്ളവരാണ്.
ഏറ്റവും മോശമായ നിലയിലുള്ള ഏകാധിപത്യത്തിന്റെ ഭാഗമായാണ് തന്റെ പുറത്താകലെന്ന് താരാചന്ദ് പറഞ്ഞു. ഗുലാം നബി ആസാദ് എഐസിസി നേതൃത്വത്തെ നിരവധി തവണ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. ഇവിടെ ഞങ്ങള്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനെ എതിര്‍ത്തിട്ടും ഒരാള്‍ക്ക് പോലും ഒരു നോട്ടീസ് പോലും നല്‍കിയിരുന്നില്ല’, താരാചന്ദ് പറഞ്ഞു. ആസാദിനോടുള്ള ദീര്‍ഘകാലത്തെ ബന്ധത്തെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നത് വലിയ തെറ്റായെന്ന് താരാചന്ദ് പറഞ്ഞു. താന്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ തന്നോടൊപ്പം വന്നത് 64 പേരാണെങ്കില്‍ പോവുമ്പോള്‍ 126 പേരായെന്നും അദ്ദേഹം പറഞ്ഞു.