ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിറ്റ്ബുള്‍, റോട്ട്‌വീലര്‍, ഡോഗോ അര്‍ജന്റീനോ ഇനങ്ങളെ വളര്‍ത്തുമൃ​ഗങ്ങളായി പരിപാലിക്കുന്നത് നിരോധിച്ചു

single-img
17 October 2022

ഗാസിയാബാദ്: വളര്‍ത്തുനായ്ക്കളുടെ ആക്രമണം പതിവാകുന്നതിനിടെ, ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിറ്റ്ബുള്‍, റോട്ട്‌വീലര്‍, ഡോഗോ അര്‍ജന്റീനോ ഇനങ്ങളെ വളര്‍ത്തുമൃ​ഗങ്ങളായി പരിപാലിക്കുന്നത് നിരോധിച്ചു.

വളര്‍ത്തുമൃഗ ഉടമകള്‍ക്കായി നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച്‌ നവംബര്‍ ഒന്ന് മുതല്‍ നായ്ക്കള്‍ക്ക് ലൈസന്‍സ് നേടേണ്ടതുണ്ട്. ഒരു കുടുംബത്തിനും ഒന്നില്‍ കൂടുതല്‍ വളര്‍ത്തു നായ്ക്കളെ വളര്‍ത്താന്‍ കഴിയില്ലെന്നും മാര്‍​ഗനിര്‍ദേശത്തിലുണ്ട്.

ഉയര്‍ന്ന കെട്ടിട സമുച്ചയങ്ങളില്‍ താമസിക്കുന്ന വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ അവരുടെ നായ്ക്കളെ പുറത്തെടുക്കാന്‍ സര്‍വീസ് ലിഫ്റ്റുകള്‍ ഉപയോഗിക്കണം. പൊതുസ്ഥലത്ത് അവ മുഖാവരണം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. കഴിഞ്ഞ മാസങ്ങളില്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് നായ്ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ രണ്ട് മാസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ നേടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

“പിറ്റ്ബുള്‍, റോട്ട്‌വീലര്‍, ഡോഗോ അര്‍ജന്റീനോ എന്നീ മൂന്ന് ഇനങ്ങളും ക്രൂരമാണ്. ഈ നായ്ക്കളെ വളര്‍ത്താന്‍ അനുമതി നല്‍കില്ല. ലൈസന്‍സ് നല്‍കില്ല. ആരെങ്കിലും ഇവയിലൊന്ന് വാങ്ങിയാല്‍, പിന്നീടുള്ള സംഭവങ്ങള്‍ക്ക് അവര്‍ ഉത്തരവാദിയായിരിക്കും. ഈ മൂന്ന് ഇനങ്ങളും ഗാസിയാബാദില്‍ നിരോധിച്ചിരിക്കുന്നു,” ബിജെപി നേതാവും ജിഎംസി കൗണ്‍സിലറുമായ സഞ്ജയ് സിംഗ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഈ ഇനങ്ങളെ നിരോധിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചത് സഞ്ജയ് സിംഗ് ആണ്. ഈയിനം നായ്ക്കളെ ഇപ്പോള്‍ വളര്‍ത്തുന്നവര്‍ രണ്ട് മാസത്തിനുള്ളില്‍ അവയുടെ വന്ധ്യംകരണം നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കാണ്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും പഞ്ച്കുള മുനിസിപ്പല്‍ കോര്‍പ്പറേഷനും നഗരപരിധിയില്‍ വളര്‍ത്തുമൃഗങ്ങളായി പിറ്റ്ബുള്‍, റോട്ട്‌വീലര്‍ ഇനത്തിലുള്ള നായ്ക്കളെ നിരോധിച്ചിരുന്നു.

ശനിയാഴ്ച നടന്ന ബോര്‍ഡ് യോഗത്തില്‍ നായ്ക്കളുടെ വന്ധ്യംകരണം നിര്‍ബന്ധമാണെന്ന് തീരുമാനമെടുത്തിട്ടുണ്ട്. വന്ധ്യംകരണം നടത്താതെ സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷന്‍ അനുവദിക്കില്ല. നായയ്ക്ക് ആറ് മാസത്തില്‍ താഴെയാണ് പ്രായമെങ്കില്‍, അവയ്ക്ക് പ്രയാമെത്തുമ്ബോള്‍ വന്ധ്യംകരിക്കും എന്ന ഉറപ്പോടെ ഉടമ സത്യവാങ്മൂലം സമര്‍പ്പിക്കണം,”​ഗാസിയാബാദ് മേയര്‍ ആശ ശര്‍മ്മ പറഞ്ഞു. നായ്ക്കളുടെ ഉടമകള്‍ക്ക് അവരുടെ വളര്‍ത്തുമൃഗങ്ങളെ ഇഷ്ടമാണെന്ന് അറിയാമെന്നും എന്നാല്‍ നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ കുറിച്ചും അവര്‍ ചിന്തിക്കണമെന്നും മേയര്‍ പറഞ്ഞു.