ത്രിപുരയിലെ കൂട്ടബലാത്സംഗക്കേസ്; ബി ജെ പി മന്ത്രിയുടെ മകനെതിരെയും ആരോപണം

single-img
28 October 2022

ത്രിപുരയിൽ നടന്ന കൂട്ടബലാത്സംഗക്കേസിൽ ബി ജെ പിമന്ത്രിസഭയിലെ തൊഴിൽ മന്ത്രിയുടെ മകനെതിരെയും ആരോപണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് മന്ത്രി ഭാഗബൻ ചന്ദ്രദാസിന്റെ മകന്റെ പേരും ഉൾപ്പെട്ടിരിക്കുന്നത്.

വിഷയത്തിൽ പ്രതിപക്ഷം മന്ത്രിപുത്രന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. എന്നാൽ, ഈ ആരോപണം ബി ജെ പി തള്ളിക്കളഞ്ഞു. ഈ മാസം 19ന് കുമാർഘട്ടിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . കുമാർഘട്ടിലെ ഒരു മൂന്നുനില കെട്ടിടത്തിൽ 16കാരിയെ എത്തിച്ചാണ് മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചത്.

കേസിൽ ഇതുവരെ ഒരു സ്ത്രീ അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവദിവസം സുഹൃത്തിനൊപ്പമാണ് പെൺകുട്ടി സ്ഥലത്ത് എത്തിയത്. ഇവിടെ ഒരു പാർട്ടി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ കുട്ടിയെ അടുത്തുള്ള മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി മദ്യം നൽകി. തുടർന്നായിരുന്നു കൂട്ടബലാത്സംഗം നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.