എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും; വീടില്ലാതെ വിഷമിക്കുന്ന അര്ജ്ജുന് തുണയായി ഗണേഷ് കുമാര്‍

single-img
20 March 2023

സ്വന്തമായി വീട് ഇല്ലാത്തതിനാൽ വിഷമിക്കുന്ന അമ്മയേയും മകനെയും ചേര്‍ത്തു നിര്‍ത്തുന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ വിഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്. പത്തനാപുരം കമുകുംചേരി സ്വദേശിനിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകന്‍ അര്‍ജുനുമാണ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ സഹായവും എത്തിയത്.

ഇരുവർക്കും വേണ്ടി നല്ല ഒരു വീട് വച്ചുനല്‍കാമെന്നും കുട്ടിക്ക് പഠിക്കാനുള്ള എല്ലാ സഹായവും ചെയ്തുതരാമെന്നും ഗണേഷ് കുമാര്‍ കുട്ടിക്ക് വാക്ക് നല്‍കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗണേഷ് കുമാർ വിവരം അറിയിച്ചത്. ‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും. ഇവന്‍ സിവില്‍ സര്‍വീസൊക്കെ പാസായി മിടുക്കനായി വരുന്നത് കാണാം.’ എന്നായിരുന്നു കുട്ടിയെ ചേര്‍ത്ത് നിര്‍ത്തി ഗണേഷ് കുമാര്‍ പറഞ്ഞത്.

അടുത്തിടെ കമുകുംചേരിയില്‍ നവധാരയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍, സ്റ്റേജില്‍വച്ച് ജില്ലാ പഞ്ചായത്ത് മെമ്പറായ സുനിത രാജേഷാണ് കുട്ടിയുടെ കാര്യം പറയുന്നത്. ഇവിടെ അടുത്തായി ഒരു കുട്ടിയുണ്ടെന്നും അവന്‍ പഠനത്തിലും മറ്റും നല്ല മിടുക്കനാണെന്നും അവന് അമ്മ മാത്രമേയുള്ളൂവെന്നും പറഞ്ഞു. അവര്‍ക്ക് ഒരു വീടില്ലാത്ത അവസ്ഥയാണ്. അവര്‍ക്ക് സ്ഥലം ഉണ്ടോയെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ കുടുംബപരമായി കിട്ടിയ കുറച്ച് സ്ഥലമുണ്ടെന്ന് അറിയിച്ചു.

സാധാരണക്കാരിയായ ഒരു സ്ത്രീ എത്ര നാള്‍ കഷ്ടപ്പെട്ടാലാകും ഒരു വീട് പണിയാനാകുക എന്നു നമുക്കറിയാം. ലൈഫ് പദ്ധതിയില്‍നിന്ന് പല കാരണങ്ങള്‍ അവര്‍ക്ക് വീട് ലഭിക്കാത്തതിന്റെ പ്രശ്‌നമുണ്ട്. അങ്ങനെയാണ് ഇവിടെ വരുന്നതും അമ്മയേയും മകനെയും കാണുന്നതും അവര്‍ക്ക് വീടു വച്ചു നല്‍കാന്‍ തീരുമാനിക്കുന്നതും. എത്രയും പെട്ടെന്ന് പണി തീര്‍ത്ത് വീടു വച്ചു നല്‍കും ഗണേഷ് കുമാര്‍ പറഞ്ഞു.